നീലേശ്വരം : പ്രാര്‍ഥനകളും ആര്‍പ്പുവിളികളുമായി തിരുമുറ്റം നിറഞ്ഞു തിങ്ങിയ ജനസഹസ്രങ്ങള്‍ക്കിടയിലൂടെ ഒന്നൊന്നായി ആകാശമേലാപ്പിലേക്കു യര്‍ത്തിയ തിരുമുടികളുമായി തെയ്യക്കോലങ്ങള്‍ എഴുന്നള്ളിയെത്തി. രണ്ടുദിവസമായി നീലേശ്വരം മന്നന്‍പുറത്തുകാവില്‍ നടന്നുവരുന്ന കലശോത്സവത്തിലെ പുറത്തേ കലശോത്സവത്തിന്റെ ഭാഗമായാണ് തെയ്യക്കോലങ്ങളുടെ ആവേശകരമായ പുറപ്പാടുണ്ടായത്. തെയ്യക്കോലങ്ങള്‍ക്കൊപ്പം ആര്‍പ്പുവിളികളുടെ ആവേശവുമായി കലശകുംഭങ്ങളും ക്ഷേത്രപ്രദക്ഷിണം ചെയ്തത് ഭക്തര്‍ക്ക് ദര്‍ശനസായൂജ്യമായി. കലശമഹോത്സവത്തിന് സാക്ഷ്യം വഹിക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതരജില്ലകളിലും നിന്നായി ആയിരങ്ങള്‍ എത്തിയിരുന്നു. ഉച്ചയോടെ കലശോത്സവ ചടങ്ങുകള്‍ ഉച്ചസ്ഥായിയിലായി. ശ്രീ കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രത്തില്‍ നിന്ന് മീന്‍കോവയെത്തിയതോടെ കലശോത്സവ നഗരിയില്‍ ആവേശം അലതല്ലി.
പ്രസന്നപൂജ നടതുറന്നപ്പോള്‍ ബലിപ്രതീകമായി എറുവാട്ടച്ചന്‍ നാളികേരമുടച്ചു. വീക്ക് ചെണ്ട ക്ഷേത്രം ചുറ്റിയതിനു പിന്നാലെ തിരുമുടിയേന്തി തെയ്യക്കോലങ്ങള്‍ ക്ഷേത്രപ്രദക്ഷിണം ചെയ്തു തുടങ്ങി. തെക്ക്, വടക്ക് കളരികളില്‍ നിന്നുള്ള കലശകുംഭങ്ങളുമേന്തി വാല്യക്കാരും ആര്‍പ്പുവിളികളോടെ ക്ഷേത്രപ്രദക്ഷിണം ചെയ്തു. ദക്ഷിണ സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ച ഭക്തരെ തെയ്യം അരിയും കുറിയും നല്‍കി അനുഗ്രഹിച്ചു. കലശ ശുദ്ധി ദിവസമായ നാളെ തന്ത്രി മയ്യല്‍ ദിലീപ് വാഴുന്നവരുടെ കാര്‍മികത്വത്തില്‍ വിശേഷാല്‍ ചടങ്ങുകള്‍ ഉണ്ടാകും. ക്ഷേത്രത്തിന് പുറത്ത് കലശചന്തയും. കലശോത്സവ ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതോടെ കാസര്‍കോട് ജില്ലയിലെ തെയ്യാട്ടക്കാലവും സമാപിക്കും. പിന്നെ അടുത്ത തുലാപ്പത്ത് വരെ തെയ്യാട്ടക്കാവുകള്‍ക്കും കോലധാരികള്‍ക്കുംവിശ്രമകാലമാണ്.
