ലോക പരിസ്ഥിതിദിനം: ഹരിത ശോഭയില്‍ കാസര്‍കോട് മില്‍മ ഡെയറി; പ്രശസ്ത പരിസ്ഥിതി പരിപാലകന്‍ അബ്ദുള്‍ കരീം പരപ്പ മുഖ്യാതിഥിയായി

കാഞ്ഞങ്ങാട്: ലോക പരിസ്ഥിതി ദിനാചരങ്ങള്‍ക്ക് ഹരിതാഭമായ തുടക്കം കുറിച്ച് കാസര്‍ഗോഡ് മില്‍മ ഡെയറിയില്‍ വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു. പരിസ്ഥിതി രംഗത്ത് സമഗ്രമായ സംഭാവനകളും നിരവധി പുരസ്‌കാരങ്ങളും ലഭിച്ച പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ അബ്ദുള്‍ കരീം പരപ്പ ( ഫോറസ്റ്റ്മാന്‍ ) ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. നമ്മള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന പാരിസ്ഥിക പ്രശ്‌നങ്ങള്‍ ജീവജാലങ്ങളുടെ ജീവന് തന്നെ ഭീഷണിയാണെന്നും പരിസ്ഥിതി സംരക്ഷിക്കേണ്ടതും വരുംതലമുറയ്ക്ക് വേണ്ടി കാത്ത് സൂക്ഷിക്കേണ്ടതും എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും അബ്ദുള്‍ കരീം പറഞ്ഞു. ഭഗവദ് ഗീത,ബൈബിള്‍, ഖുര്‍ആന്‍ തുടങ്ങിയ എല്ലാ വിശുദ്ധ മതഗ്രന്ഥങ്ങളിലും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ടെന്നും ഈ ഭൂമി എല്ലാ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ് എന്നും അദ്ദേഹം പറഞ്ഞു. മില്‍മ കാസര്‍കോട് ഡെയറി മാനേജര്‍ സ്വീറ്റി വര്‍ഗ്ഗീസ് അദ്ധ്യക്ഷയായി. യൂണിയന്‍ ഭാരവാഹികളായ സി.രാഘവന്‍(സി ഐ ടി യു), കെ.തമ്പാന്‍(ഐ എന്‍ ടി യു സി)എന്നിവര്‍ സംസാരിച്ചു. മാര്‍ക്കറ്റിംങ് ഓഫീസര്‍ ആശിഷ് ഉണ്ണി സ്വാഗതവും അസിസ്റ്റന്റ് എച്ച് ആര്‍ ഡി ഓഫീസര്‍ വികാസ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ വിവിധയിനം ചെടികളും വൃക്ഷ തൈകളും ഡെയറി കോമ്പൗണ്ടില്‍ നട്ടുപിടിപ്പിച്ചു. ബദിയടുക്ക സെന്റ് മേരീസ് ചര്‍ച്ച് വനിതാവേദി പ്രവര്‍ത്തകരും പടന്നക്കാട് കാര്‍ഷിക കോളേജ് വിദ്യാര്‍ത്ഥികളും ഡെയറി ജീവനക്കാരും ചടങ്ങില്‍ സംബന്ധിച്ചു.

error: Content is protected !!