കാസര്‍കോട് പര്‍ദ്ദ കടയില്‍ തീപിടുത്തം; 50 ലക്ഷം രൂപ നഷ്ടം

കാസര്‍കോട് : പഴയ ബസ് സ്റ്റാന്‍ഡില്‍ സ്റ്റേറ്റ് ഹോട്ടല്‍ കോംപ്ലക്‌സ് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിച്ചിരുന്ന ഇസ്വാ പര്‍ദ്ദാസ് കടക്ക് തീപിടുത്തം .
ഇന്ന് പുലര്‍ച്ചെ 5 .25 ഓടുകൂടിയാണ് സംഭവം. നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട് അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയും സ്റ്റേഷന്‍ ഓഫീസര്‍ കെ ഹര്‍ഷ, സീനിയര്‍ ഫയര്‍ ആന്‍ഡ് ഓഫീസര്‍ വി സുകു എന്നിവരുടെ നേതൃത്വത്തില്‍ കാസര്‍കോട്, കാഞ്ഞങ്ങാട് , ഉപ്പള നിലയങ്ങളില്‍ നിന്നുള്ള അഞ്ച് യൂണിറ്റ് വാഹനം ഒന്നരമണിക്കൂര്‍ പ്രവര്‍ത്തനഫലമായാണ് തീപൂര്‍ണ്ണമായും അണച്ചത്. ചെര്‍ക്കള ബാലടുക്കം സ്വദേശിയായ പി. നിസാറിന്റെ കടയായിരുന്നു കത്തി നശിച്ചത്. പെരുന്നാളിന് വേണ്ടി കൊണ്ടു വന്നിരുന്ന പര്‍ദ്ദകള്‍ ,നിസ്‌കാര കുപ്പായങ്ങള്‍, ഉടുപ്പുകള്‍, തയ്യല്‍ മെഷീന്‍ എന്നിവ പൂര്‍ണമായും കത്തി നശിച്ചു . കടയുടെ മുകളിലായി പ്രവര്‍ത്തിച്ചിരുന്ന രൂപം ഹോള്‍സെയില്‍ ആന്‍ഡ് റീട്ടെയില്‍ തുണി കടയും തൊട്ടടുത്ത് ലോട്ടറി, അനാദി കടകള്‍ എന്നിവയും പ്രവര്‍ത്തിച്ചിരുന്നു. ഫയര്‍ഫോഴ്‌സിന്റെ ചടുലമായ പ്രവര്‍ത്തനം മൂലം മറ്റ് കടകളിലേക്ക് തീപടരാതിരിക്കാന്‍ കഴിഞ്ഞു. തീപിടുത്തത്തില്‍ ഉദ്ദേശം 50 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുയെന്ന് കടയുടമ പറഞ്ഞു. സേനാഗംങ്ങളായ പി.ജി.ജീവന്‍, എം. രമേശ , കെ ആര്‍ അജേഷ് ,വി. കെ. ഷൈജു , അഖില്‍ അശോകന്‍ ,വി.എസ് ഗോകുല്‍ കൃഷ്ണന്‍, ടി. അമല്‍ രാജ്, കെ .വി .ജിതിന്‍ കൃഷ്ണന്‍ ,ഹോം ഗാര്‍ഡുമാരായ വി രാജു ,എന്‍ .പി .രാകേഷ്, പി. രഞ്ജിത്ത് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

error: Content is protected !!