കള്ളാര്‍ : വന്യജീവികള്‍ക്ക് വനത്തിനുള്ളില്‍ ഭക്ഷണം വര്‍ധിപ്പിക്കുക, പ്രകൃതിദത്ത ഫലവൃക്ഷങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യത്തോടുകൂടി വനംവകുപ്പ്, പീച്ചി വനഗവേഷണകേന്ദ്രം എന്നിവരുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിത്തൂട്ട് പദ്ധതിക്കായി വനം വകുപ്പിന്റെ പനത്തടി സെക്ഷനില്‍ ആയിരത്തോളം വിത്തുണ്ടകള്‍ തയ്യാറാക്കി. ഇതിന് വേണ്ടി മാവ്, പ്ലാവ്, ആഞ്ഞിലി, പേര, ഞാവല്‍ ഇലഞ്ഞി, കുടംപുളി, വാളംപുളി തുടങ്ങി മുപ്പതോളം ഫലവൃക്ഷങ്ങളുടെ വിത്തുകളാണ് ശേഖരിച്ചത്. ജില്ലയിലെ വനമേഖലയില്‍ ഒരു ലക്ഷം വിത്തുണ്ടകള്‍ നിക്ഷേപിക്കാനാണ് വനംവകുപ്പ് പദ്ധതിയിടുന്നത്. സെക്ഷനില്‍ തയ്യാറാക്കിയ വിത്തുക്കള്‍ പനത്തടി പഞ്ചായത്തിലെ ചാമുണ്ഡിക്കുന്ന് വനമേഖലയിലാണ് നിക്ഷേപിക്കുക. കാട്ടില്‍ ഭക്ഷണ ലഭ്യത വര്‍ദ്ധിക്കുന്നതോടെ മനുഷ്യ വന്യജീവി സംഘര്‍ഷം കുറക്കുക, പരിസ്ഥിതി സന്തുലനം പുന:സ്ഥാപിക്കുക, പാരിസ്ഥിതിക സേവനങ്ങളുടെ അളവും, ഗുണനിലവാരവും വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടു കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി സേസപ്പ നേതൃത്വം നല്കി. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പ്രകാശന് വി.വി, വിമല്‍രാജ് ഡി, വിനീത് വി, രതീഷ് കെ, സൗമ്യ ജി, റിസര്‍വ് ഫോറസ്റ്റ് വാച്ചര്‍ സുമേഷ് കുമാര്‍ എം.എസ് കൂടാതെ സെക്ഷനിലെ മറ്റ് വാച്ചര്മാരുംപങ്കാളികളായി.
