പരപ്പ: കര്‍ഷകര്‍ക്ക് രാത്രി കാലങ്ങളില്‍ വീട്ടുപടിക്കല്‍ മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിനായി മൊബൈല്‍ വെറ്ററിനറി യൂണിറ്റ് ആരംഭിച്ചു. പരപ്പ ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലും ഈ സേവനം ലഭ്യമാണ്. 1962 എന്ന ടോള്‍ഫ്രീ നമ്പറില്‍ കേന്ദ്രികൃത കോള്‍ സെന്റര്‍ സംവിധാനത്തിലൂടെയാണ് ഇതിന്റെ പ്രവര്‍ത്തനം. ടോള്‍ഫ്രീ നമ്പറായ 1962- ല്‍ കര്ഷകന് വിളിക്കുമ്പോള്‍ ഡോക്ടറുമായി കര്‍ഷകന്റെ കാള്‍ കണക്ട് ചെയ്യും. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് കര്‍ഷകന്റെ വീട്ടുപടിക്കല്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് എത്തി സേവനങ്ങള്‍ നല്‍കും. വൈകിട്ട് 6 മണി മുതല്‍ അടുത്ത ദിവസം രാവിലെ 5 മണി വരെയാണ് പ്രവര്‍ത്തന സമയം. മൃഗാശുപത്രി പ്രവര്‍ത്തന സമയത്തിന് ശേഷവും അടിയന്തര ചികിത്സ സേവനം കര്‍ഷകരുടെ വീട്ടുപടിക്കല്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പ്രത്യേക പരിശീലനം ലഭിച്ച വെറ്ററിനറി ഡോക്ടര്‍, ഡ്രൈവര്‍ കം അറ്റെന്‍ഡര്‍ എന്നിവര്‍ അടങ്ങുന്നതാണ് ഈ യൂണിറ്റ്. കന്നുകാലികള്‍, കോഴികള്‍ മുതലായവയെ കര്‍ഷകരുടെ വീട്ടുപടിക്കല്‍ എത്തി ചികിത്സ നല്‍കുന്നതിന് 450 രൂപയാണ് നിരക്ക്. കന്നുകാലികളില്‍ കൃത്രിമ ബീജദാനവും ചെയ്യുന്നതാണ്. അതാത് രോഗങ്ങള്ക് ഗവണ്മെന്റ് നിര്‍ദ്ദേശിച്ച പ്രകാരമുള്ള ഫീസ് ഈടാക്കുന്നതാണ്.
ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി യുടെ ഭാഗമായി പകല്‍ സമയങ്ങളില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമേ ആണ് രാത്രി കാലങ്ങളില്‍ കൂടി മൃഗ സംരക്ഷണമേഖലയില്‍ ഈ സേവനവും കൂടി ലഭ്യമായത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി യൂണിറ്റിന്റെ ഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ക്ഷീര കര്‍ഷകര്‍, മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് ജീവനക്കാര്‍, ക്ഷീര സഹകരണ സംഘം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. സീനിയര്‍ വെറ്റനറി സര്ജന് ഡോക്ടര്‍ കാര്ത്തികേയന് സ്വാഗതവും ജോയിന്റ് ബി. ഡി. ഒ. ബിജുകുമാര്‍. നന്ദിയുംപറഞ്ഞു
