കാര്‍ഷിക മേഖലയ്ക്ക് ഇരുട്ടടി : രാസവളങ്ങളുടെ വില കുത്തനെ ഉയരുന്നു

കാഞ്ഞങ്ങാട് : കാലാവസ്ഥ വ്യതിയാനവും തൊഴിലാളികളുടെ ലഭ്യതക്കുറവും പ്രതിസന്ധിയിലാക്കിയ കാര്‍ഷിക മേഖലയ്ക്ക് ഇരുട്ടടിയായി രാസവളങ്ങളുടെ വില കുത്തനെ ഉയരുന്നു. ചെറിയ തോതില്‍ വേനല്‍മഴ ലഭിക്കുകയും മഴക്കാലം അടുക്കുകയും ചെയ്തതോടെ വിപണിയില്‍ രാസവളങ്ങളുടെ വില ഉയരാന്‍ തുടങ്ങി. കോംപ്ലക്സ് വളങ്ങളുടെ വിലയാണ് നിലവില്‍ കൂടിയിരിക്കുന്നത്. തെങ്ങ്, കവുങ്ങ്, പച്ചക്കറി, കിഴങ്ങുവര്‍ഗങ്ങള്‍, നെല്ല്, റബ്ബര്‍ എന്നിവയ്‌ക്കെല്ലാം കൂടുതലായി ഉപയോഗിക്കുന്ന ഫാക്ടംഫോസിന്റെ വില 50 കിലോ പാക്കറ്റിന് 1400ലെത്തി. ഡിസംബറില്‍ 1300 രൂപയുണ്ടായിരുന്നതാണ് 100 രൂപ വര്‍ധിച്ച് 1400ല്‍ എത്തിയത്. 2024 ജൂണില്‍ ഇതിന്റെ വില 1225 രൂപയായിരുന്നു. ഫാക്ടംഫോസ് 1225 ല്‍ നിന്നും 1400 ആയി ഉയര്‍ന്നു. പൊട്ടാഷ് 1400 ല്‍ നിന്നും 1540 ലേക്ക് ഉയര്‍ന്നു. പല വളങ്ങളുടെയും സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളഞ്ഞു. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി വെട്ടിക്കുറയ്ക്കുന്നത്. ഇതിന് പുറമെ കാര്‍ഷികോത്പാദനം ഗണ്യമായി കുറയുകയും ചെയ്തു. തേങ്ങ ഉല്പാദനം പകുതിയായി കുറഞ്ഞു. റബ്ബറിന് ഈ വര്‍ഷം ഇലകൊഴിഞ്ഞ് പാലുല്പാദനത്തില്‍ വന്‍ കുറവാണ് വന്നത്. അത് പോലെ കാലാവസ്ഥ വ്യതിയാനത്താല്‍ കശുഅണ്ടി ഉല്പാദനം നന്നേ കുറയുകയുണ്ടായി. കര്‍ഷകര്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന വളത്തിന്റെ വിലയില്‍ ഒരുവര്‍ഷം കൊണ്ട് 175 രൂപയുടെ വര്‍ധനവാണുണ്ടായത്. 15.15.15 ന്റെ വില ജൂണില്‍ 1300 ഉണ്ടായിരുന്നത് ഇപ്പോള്‍ 1470ലെത്തി. നിലവില്‍ കൂട്ടുവളങ്ങളുടെ വില വര്‍ധിച്ചിട്ടില്ലെങ്കിലും സീസണാകുമ്പോള്‍ അതും ഉയരാനാണ് സാധ്യത. മിക്ക വിളകള്‍ക്കും പ്രധാനമായി കര്‍ഷകര്‍ ഉപയോഗിക്കുന്ന ഫാക്ടംഫോസ്, പൊട്ടാഷ്, ഡി.എ.പി, 15.15.15 തുടങ്ങിയ വളങ്ങളുടെ വില വര്‍ധിച്ചത് കര്‍ഷകര്‍ക്ക് വലിയ ബാധ്യതയാവുകയാണ്. വില വര്‍ധനയ്‌ക്കൊപ്പം ഉത്പാദന ചെലവ് വര്‍ധിച്ചത് കര്‍ഷകര്‍ക്ക് വലിയ ബാധ്യതയാവുകയാണ്. വില വര്‍ധനയ്‌ക്കൊപ്പം വളപ്രയോഗം നടത്തേണ്ട സമയത്തുള്ള ലഭ്യതക്കുറവും പ്രശ്നമാണ്. വന്യമൃഗശല്യവും കാലവസ്ഥാവ്യതിയാനം കൊണ്ടുണ്ടാകുന്ന രോഗങ്ങളും ഉല്‍പാദനക്കുറവുമൊക്കെ കാരണം ബുദ്ധിമുട്ടിലായ കര്‍ഷകരെ വളങ്ങളുടെ വിലവര്‍ധനവും കൂടുതല്‍ പ്രതിസന്ധിയിലേക്ക്തള്ളിവിടുകയാണ്.

error: Content is protected !!