സുപ്രീം കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടി: കെ.എസ്. എസ്. പി.എ; പടന്നക്കാട് ഗുഡ് ഷെപ്പേര്‍ഡ് പാരീഷ് ഹാളില്‍ നടന്ന ഏകദിന ശില്പശാല അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് എം.പി. വേലായുധന്‍ ഉദ്ഘാടനം ചെയ്തു

പടന്നക്കാട് : ക്ഷാമബത്തയും , ക്ഷാമാശ്വാസവും, ജീവനക്കാരുടേയും, പെന്‍ഷന്‍കാരുടേയും അവകാശമാണെന്നും, കാലതാമസമില്ലാതെ അത് നല്‍കണമെന്നുമുള്ള സുപ്രീം കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് എം.പി. വേലായുധന്‍ അഭി പ്രായപ്പെട്ടു. ഇന്ത്യയില്‍ ഏറ്റവും അധികം ഡി എ കുടിശ്ശികയുള്ള സംസ്ഥാനമാണിന്ന് കേരളം. 35 ശതമാനം ക്ഷാമാശ്വാസം ലഭിക്കേണ്ട പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുന്നത് 15 ശതമാനം മാത്രമാണ്. ദീര്‍ഘകാലം ഡി എ നിഷേധിച്ച സര്‍ക്കാര്‍ 3 തവണയായി ഡി എ അനുവദിച്ചപ്പോള്‍ തന്നെ 119 മാസത്തെ കുടിശ്ശിക അനുവദിച്ചില്ല. ഇതാദ്യമായാണ് ഒരു സര്‍ക്കാര്‍ ഇത്രയും ഡി എ കുടിശ്ശിക നിഷേധിക്കുന്നത്. ഡി എ അവകാശമല്ലെന്ന സര്‍ക്കാര്‍ നിലപാടിനേറ്റ കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി വിധിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ എസ് എസ് പി എ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പടന്നക്കാട് ഗുഡ് ഷെപ്പേര്‍ഡ് പാരീഷ് ഹാളില്‍ നടന്ന ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് പി.പി. കുഞ്ഞമ്പു അദ്ധ്യക്ഷനായി. സംഘടനാ പ്രവര്‍ത്തനം താഴെ തട്ടില്‍, മെമ്പര്‍ഷിപ്പ് വര്‍ദ്ധന – സാധ്യതകള്‍, കെ എസ് എസ് പി എ പ്രവര്‍ത്തകര്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങള്‍ എന്നീ വിഷയങ്ങളിലുള്ള ക്ലാസ്സുകള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. രാജന്‍ കുരുക്കള്‍, സംസ്ഥാന വൈ. പ്രസിഡണ്ട് ടി.വിനയ ദാസ് , സംസ്ഥാന സെക്രട്ടറി കെ. രാമകൃഷ്ണന്‍ എന്നിവര്‍ കൈകാര്യം ചെയ്തു. സമാപന സമ്മേളനം സംസ്ഥാന വൈ. പ്രസിഡണ്ട് വി. മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതാക്കളായ പി.സി.സുരേന്ദ്രന്‍ നായര്‍, കെ.സി. രാജന്‍, സി. രത്‌നാകരന്‍, കെ. സരോജിനി, ടി.കെ. എവുജിന്‍, ഡോ. എ.എം. ശ്രീധരന്‍, പി.പി. ബാലചന്ദ്രന്‍ ഗുരുക്കള്‍, നെയ്യാറ്റിന്‍കര മുരളി എന്നിവര്‍ പ്രസംഗിച്ചു. തോമസ് മാത്യു സ്വാഗതവും, ബാബു മണിയങ്ങാനം നന്ദിയും പറഞ്ഞു.

error: Content is protected !!