ഓടിക്കൊണ്ടിരിക്കെ തീപിടിച്ച് കാര്‍ ചാമ്പലായി; കുടുംബം രക്ഷപ്പെട്ടു

കാസര്‍കോട്: ചെര്‍ക്കള – ബേവിഞ്ചകുന്നില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. കാറിലുണ്ടായിരുന്ന അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. ന്യുമുംബൈയില്‍ നിന്നു കണ്ണൂര്‍ കണ്ണപുരത്തേക്ക് സി സി എന്‍ ജി കാറില്‍ പോവുകയായിരുന്നു ഇവര്‍. ചെര്‍ക്കള പിലിക്കുണ്ടിനടുത്തു വച്ചു കാറില്‍ നിന്നു പുക ഉയരുന്നതു കണ്ട കാറുടമ ഇഖ്ബാല്‍ അഹമ്മദ് കുട്ടി പെട്ടെന്നു കാര്‍ നിര്‍ത്തി അതിലുണ്ടായിരുന്ന ഭാര്യയേയും മക്കളേയും വിളിച്ചുണര്‍ത്തി കാറില്‍ നിന്നു പുറത്തിറക്കുകയായിരുന്നു. തിരക്കിട്ട് കാറില്‍ നിന്നിറങ്ങിയതിനാല്‍ കൈയില്‍ കരുതിയിരുന്ന പണവും മൊബൈല്‍ ഫോണുകളും ക്യാമറയും മറ്റും കത്തി നശിച്ചുവെന്നു പറയുന്നു.
കത്തിനശിച്ചവയില്‍ 62,500 രൂപയും നാലുപവന്‍ സ്വര്‍ണ്ണാഭരണവും രണ്ടുമൊബൈല്‍ ഫോണും ക്യാമറയുമുണ്ടെന്നു രക്ഷപ്പെട്ടവര്‍ പറഞ്ഞു.
50 ദിവസം മുമ്പു വാങ്ങിയ സി എന്‍ ജി കാറാണ് കത്തിനശിച്ചതെന്ന് ഇവര്‍ പറഞ്ഞു. മുംബൈയില്‍ താമസക്കാരായ ഇവര്‍ കണ്ണപുരത്തെ ഭാര്യാസഹോദരന്റെ വീട്ടിലേക്കു പോവു കയായിരുന്നു. ഇഖ്ബാല്‍ അഹമ്മദ് കുട്ടിക്കു പുറമെ ഭാര്യ റുബീന, മക്കളായ നൗഫല്‍, അഫീന, ഉമ്മര്‍ എന്നിവരാണ് കാറിലുണ്ടായത്.

error: Content is protected !!