കാഞ്ഞങ്ങാട്: പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഹോസുര്‍ഗ് സബ് ട്രഷറി പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിട നിര്‍മ്മാണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായി. പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം മേയ് 26 ന് വൈകിട്ട് 5 .30 ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പാല്‍ നിര്‍വഹിക്കും. ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥി ആയി പങ്കെടുക്കും. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉള്‍പ്പെടെ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കും. ട്രഷറി ഡയറക്ടര്‍ വി.സാജന്‍ സ്വാഗതവും ജില്ല ട്രഷറി ഓഫീസര്‍ കെ റീജ നന്ദിയും പറയും.
പുതിയകോട്ടയിലെ പഴയ ട്രഷറി കെട്ടിടം പൊളിച്ചുനീക്കിയ സ്ഥലത്താണ് 1.48 കോടിയുടെ ഒറ്റനില കെട്ടിടം പണിയുക. നിലവില്‍ അലാമിപ്പള്ളി ബസ്സ്റ്റാന്‍ഡ് കെട്ടിടത്തിലാണ് ട്രഷറി പ്രവര്‍ത്തിച്ചു വരുന്നത്. 2424 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള ഒരു നില കെട്ടിടത്തില്‍ സബ് ട്രഷറിക്ക് ആവശ്യമുള്ള സൗകര്യങ്ങളെല്ലാം ഉണ്ടാകും. ഓഫീസര്‍മാരുടെ കാബിന്‍, റെക്കോര്‍ഡ് റൂം, ഗാര്‍ഡ് റൂം,പെന്‍ഷന്‍ ലോഞ്ച്, പണമിടപാട് ഏരിയ. പൊതു ശൗചാലയം, ഡൈനിങ് ഹാള്‍ എന്നിവ കെട്ടിടത്തില്‍ ഒരുക്കും. എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തിയുടെ കരാറുകാരന്‍ എം എ അബ്ദുല്‍ നാസര്‍ ആണ്. 274 ദിവസമാണ് നിര്‍മ്മാണ കാലാവധി. പത്രസമ്മേളനത്തില്‍ സംഘാടകസമിതി വര്‍ക്കിംഗ് ചെയര്‍മാനും നഗരസഭ ചെയര്‍പേര്‍സണുമായ കെ വി സുജാത, അസിസ്റ്റന്റ് ജില്ലാ ട്രഷറി ഓഫീസര്‍ ഒ.ടി.ഗഫൂര്‍, സബ്ട ട്രഷറി ഓഫീസര്‍ പി സിന്ധു എന്നിവര്‍ പങ്കെടുത്തു.
