കാസര്‍കോട്: കമ്പത്തട്ടില്‍ ആവേശമുയര്‍ത്തി ജനപ്രതിനിധികളും സെലിബ്രിറ്റി താരങ്ങളും, കൊമ്പ് കോര്‍ത്തപ്പോള്‍ അത് കൗതുക്കാഴ്ച്ചയായി. കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച സംസ്ഥാന ജേണലിസറ്റ് വടം വലി ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് സിനിമ താരങ്ങളും പൊതുപ്രവര്‍ത്തകരും തമ്മിലുളള സൗഹൃദ മത്സരം നടന്നത്.വീറും വാശിയും നിറഞ്ഞ കമ്പപ്പോരില് പൊതുപ്രവര്‍ത്തകരുടെ അനുഭവക്കരുത്തിന് മുന്നില്‍ സ്ക്രീനില്‍ വിസ്മയം തീര്‍ക്കുന്ന താരങ്ങള്‍ക്ക് അടിപതറി.കട്ടും, ആക്ഷനുമില്ലാത്ത കമ്പപ്പോരില്, തിളക്കമുള്ള വിജയം മാത്രം ലക്ഷ്യം വെച്ചായിരുന്നു സിനിമാതാരങ്ങളുടെ പട പോരിനിറങ്ങിയത്.
വീറോടെ വടം പിടിച്ച്, ന്നാ താന്‍ കേസ് കൊട് സിനിമയിലെ ജഡ്ജ് പി പി കുഞ്ഞികൃഷ്ണനും, രാജേഷ് അഴീക്കോടനും, മറിമായം ഉണ്ണിരാജും,അഡ്വ. സി ഷുക്കൂറും, സിബി തോമസും ഷീന ക്ലായിക്കോട്,സി. നാരായണന്, ബീന കൊടക്കാട് എന്നിവരായിരുന്നു വടംവലിയില്‍ പങ്കെടുത്ത സിനിമ താരങ്ങളും
സെലിബ്രിറ്റി ടീമിനായി നിലയുറപ്പിച്ചത്.മറുഭാഗത്താകട്ടെ, എല്‍ എല്‍ എ . എ കെ എം അഷ്റഫും, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
കെ മണികണ്ഠനും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ടികെ രാജനും, കെ എ മുഹമ്മദ് ഹനീഫ, സി യു ജെയിംസ്, സഹീര്‍ ആസിഫ്, കെ എം ഹനീഫ എന്നിവരാണ് പൊതുപ്രവര്ത്തകര്ക്കായിയുള്ള വടംവലിച്ചത്. ഏത് കൊലകൊമ്പനേയും മുട്ടുകുത്തിക്കുവാന്‍ പോന്ന അനുഭവക്കരുത്ത് തങ്ങള്‍ക്കുണ്ടെന്ന് പൊതുപ്രവര്‍ത്തകര്‍ ആദ്യ വലിയില്‍ തന്നെ കാട്ടിക്കൊടുത്തു. രണ്ടാം വലിയിലും, പൊതുപ്രവര്‍ത്തകരുടെ ശക്തിക്ക് മുന്നില്‍ താരപ്രഭ നിഷ്പ്രഭമായി. രാഷ്ട്രീയം വിഭിന്നമാണെങ്കിലും പൊതുപ്രവര്‍ത്തകര്‍ എട്ടുപേരും, ഒരേ മനസോടെ ആഞ്ഞുവലിച്ചപ്പോള്‍ സ്ക്രീനിലെ താരങ്ങള്‍ മുന്നോട്ടഞ്ഞു, വീണു. സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ പരാജയം സമ്മതിച്ച സിനിമ താരങ്ങള്‍ വിജയികളോടപ്പം തന്നെ കയ്യടിഏറ്റുവാങ്ങി.
