മടിയന്‍ കൂലോം കലശോത്സവം : കലശം എഴുന്നള്ളത്ത് ഓല കൊത്തല്‍ ചടങ്ങ് പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനത്ത് നടന്നു

കാഞ്ഞങ്ങാട് : മെയ് 23,24 തീയതികളില്‍ മടിയന്‍ കൂലോത്ത് നടക്കുന്ന കലശോത്സവത്തിന്റെ പ്രധാന കലശ എഴുന്നള്ളിപ്പ് നടത്തുന്ന കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം കലശം എഴുന്നള്ളിപ്പിന് മുന്നോടിയായുള്ള ഓല കൊത്തല്‍ ചടങ്ങ് നടന്നു. ദേവസ്ഥാനത്തോട് ചേര്‍ന്നുള്ള കളരിക്കല്‍ തറവാട്ടിലാണ് ചടങ്ങ് നടന്നത്. പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം സ്ഥാനീകര്‍ കുമ്മണാര്‍ കളരി മുത്തച്ഛന്‍,ഇളയച്ഛന്‍,പാറക്കാടന്‍ തറവാട് പ്രതിനിധികള്‍ ജന്മ കണിശന്‍വിനോദ് കപ്പണക്കാല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടത്തിയത്. കണ്ണന്‍ അടമ്പല്‍, രാജു കിഴക്കുംകര എന്നിവരാണ് ഇത്തവണ ദേവസ്ഥാനത്തിന് വേണ്ടി കലശം എടുക്കുന്നത്. ദേവസ്ഥാനം ഭാരവാഹികള്‍ തറവാട്ട് ഭരണസമിതി അംഗങ്ങള്‍ വാല്യക്കാര്‍ തുടങ്ങി നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. ദേവസ്ഥാനങ്ങളിലും,കാവുകളിലും,തറവാടുകളിലും ചെണ്ട മേളത്തിന്റെയും ചിലമ്പൊലി നാദത്തിന്റെയും ഭക്തി ആര്‍പ്പുവിളികളുടെയുംഅകമ്പടിയില്‍ ദൈവ കോലങ്ങള്‍ ഉറഞ്ഞാടി ഉരിയാടി ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുന്ന തെയ്യാട്ടക്കാലത്തിന് സമാപനം കൂടിയാണ് മടിയന്‍കൂലോം കലശം.

error: Content is protected !!