ദേശീയപാത നിര്‍മ്മാണത്തിനിടെ മട്ടലായില്‍ കുന്നിടിഞ്ഞ് അപകട മരണം: ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

ചെറുവത്തൂർ :ദേശീയപാത നിർമ്മാണത്തിനിടെ മട്ടലായിൽ കുന്നിടിഞ്ഞ് അപകടം നടന്ന സ്ഥലം ജില്ലാ കളക്ടർ സന്ദർശിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ചെറുവത്തൂർ വില്ലേജിലെ മട്ടലായി എന്ന സ്ഥലത്ത് ദേശീയപാതയുടെ പ്രവർത്തനത്തിൻ്റെ ഭാഗമായി മട്ടലായി കുന്നിൽ മണ്ണ് നീക്കം ചെയ്യുന്നതിനിടയിൽ കുന്നിടിഞ്ഞ് കൊൽക്കത്ത വെസ്റ്റ് ബംഗാൾ സ്വദേശിയായ മുംതാജ് മീർ (18) ആണ് മരണപ്പെട്ടത്.കൊൽക്കത്ത സ്വദേശികളായ മുന്നാൽ ലസ്കർ (55 ) മോഹൻ തേജർ (18 ) എന്നിവർക്കാണ് സാരമായി പരിക്കേറ്റിട്ടുള്ളത്. സാരമായി പരിക്കേറ്റവർ ചെറുവത്തൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മരണപ്പെട്ട മുംതാജ് മീർ ഭൗതികശരീരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.അപകടം നടന്ന സ്ഥലത്ത് പരിശോധന നടത്തി വിദഗ്ധ റിപ്പോർട്ട് ലഭ്യമാക്കുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയോട് ആവശ്യപ്പെടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതുവരെ അപകടം നടന്ന സ്ഥലത്ത് പാർശ്വ റോഡ് നിർമ്മാണം താൽക്കാലികമായി നിർത്തിവയ്ക്കാനും കളക്ടർ നിർദ്ദേശിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകി റോഡ് നിർമ്മാണം നടത്തുന്നതിന് കലക്ടർ ദേശീയ പാത അതോറിറ്റി ഡയറക്ടർക്ക് നിർദ്ദേശം നൽകി.അപകട ഭീഷണി നിലനിൽക്കുന്ന കുന്നിൻ മുകളിലെ ഹൈടെൻഷൻ വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കുന്നതിനും കലക്ടർ നിർദേശിച്ചു. ജില്ലാ പോലീസ് മേധാവി വിജയഭാരത് റെഡ്ഡി ദേശീയ പാതാ അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടർ ഉമേഷ് ഗർ , ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി വി പ്രമീള, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ ബാവ, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി പ്രസന്നകുമാരി നിർമ്മാണ കരാർ കമ്പനി പ്രതിനിധികൾ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവരും സ്ഥലത്ത് എത്തി.

error: Content is protected !!