മോഹനം ഗുരുസന്നിധിയുടെ വാര്‍ഷികാഘോഷവും പുരസ്‌കാര സമര്‍പ്പണവും നടന്നു

മാവുങ്കാല്‍: സംഗീതജ്ഞന്‍ സംഗീതപൂര്‍ണ്ണശ്രീ കാഞ്ഞങ്ങാട് ടി.പി.ശ്രീനിവാസന്റെ നേതൃത്വത്തില്‍ കൊടവലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മോഹനം ഗുരു സന്നിധിയുടെ അഞ്ചാം വാര്‍ഷികാഘോഷവും പുരസ്‌കാര സമര്‍പ്പണവും നടന്നു. രാമനഗരം ശ്രീരാമക്ഷേത്രാങ്കണത്തില്‍ നടന്ന വാര്‍ഷികാഘോഷവും മോഹനം ഗുരു സന്നിധി സംഗീത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രഗല്‍ഭ വ്യക്തികള്‍ക്ക് എല്ലാവര്‍ഷവും നല്‍കുന്ന പുരസ്‌കാര സമര്‍പ്പണ ചടങ്ങുകളുടെ ഉദ്ഘാടനവും ആനന്ദാശ്രമം മഠാധിപതി സംപൂജ്യ സ്വാമി മുക്താനന്ദ നിര്‍വ്വഹിച്ച് അനുഗ്രഹ പ്രഭാഷണം നടത്തി. ടി.പി ക്ഷേത്രാങ്കണത്തില്‍ എത്തിയ സ്വാമിജിയെ മോഹനം ഗുരു സന്നിധി ഭാരവാഹികളും അംഗങ്ങളും സ്വീകരിച്ചു. മോഹനം ഗുരുസന്നിധി സംഗീതാര്‍ത്ഥികള്‍ നാദാര്‍ച്ചന നടത്തി.തുടര്‍ന്ന് സംഗീതപൂര്‍ണ്ണശ്രീ കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസനും അദ്ദേഹത്തിന്റെ ശിഷ്യരും കീര്‍ത്തനമാലിക അവതരിപ്പിച്ചു. മോഹനം ഗുരു സന്നിധിയുടെ ഈ വര്‍ഷത്തെ പുരസ്‌കാരത്തിനര്‍ഹനായ പ്രശസ്ത വയലിന്‍ വാദകന്‍ തിരുവിഴ ശിവാനന്ദന് കാഞ്ഞങ്ങാട് ടി.പി.ശ്രീനിവാസന്‍ പുരസ്‌കാരം സമര്‍പ്പിച്ചു. സംഗീതജ്ഞന്‍ ടി.പി.സോമശേഖരന്റെ അദ്ധ്യക്ഷം വഹിച്ചു. കവിയും ഗാനരചയിതാവുമായ എം കെ ഗോപകുമാര്‍,പ്രകൃതി- കലാസാംസ്‌കാരിക പ്രവര്‍ത്തകന്‍ വിജയ് നീലകണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. പുരസ്‌കാര ജേതാവ് തിരുവിഴ ശിവാനന്ദന്‍ മറുപടി പ്രസംഗം നടത്തി.മനോജ് പയ്യന്നൂര്‍ സ്വാഗതവും ശാലിനി കമലാക്ഷന്‍ നന്ദിയും പറഞ്ഞു.

error: Content is protected !!