ഇതരഭാഷക്കാരാണെങ്കിലും കേരളത്തില്‍ അവര്‍ പഠിച്ചുനേടി മികച്ച വിജയം

കാഞ്ഞങ്ങാട് :ഇതരഭാഷക്കാരാണെങ്കിലും മലയാളനാട്ടില്‍ നിന്ന് അവര്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ പഠിച്ചുനേടിയത് മികച്ച വിജയം. കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികളായ തമിഴ്‌നാട് സ്വദേശി നി ഋതിക, ജാര്‍ഖണ്ഡ് സ്വദേശിനിയായ പ്രസില്ല ടിര്‍ക്കെ, ഛത്തീസ്ഗഡിലെ ഖുശ്ബു ബായ്, പശ്ചിമബംഗാളിലെ ദീപ് സമാജ് പാട്ടി എന്നിവരാണ് തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയത്. ഋതിക മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. പ്രിന്‍സി ടിര്‍ക്കെക്ക് ആറ് എ പ്ലസ് ലഭിച്ചു. ഖുശ്ബു ബായിക്ക് മൂന്ന് എപ്ലസും ദീപു സമാജ് പാട്ടിക്ക് രണ്ട് എ പ്ലസും കിട്ടി. മുഴുവന്‍ എ പ്ലസ് ലഭിച്ച തമിഴ്‌നാട് തേനി സ്വദേശിനിയായ ഋതിക കാഞ്ഞങ്ങാട് കല്യാണ്‍ റോഡിലെ പൈരടുക്കത്താണ് താമസം. അഛന്‍ രമേശ് കൂലിതൊഴിലാളിയാണ്. ശാന്തിപ്രിയയാണ് അമ്മ. ജാര്‍ഖണ്ഡ് ഗുംലയിലെ ബെനഡിക്ക് ടിര്‍ക്കെയുടെയും ഗുല്‍നെത്തിന്റെയും മകളായ പ്രസില്ല ടിര്‍ക്കെയും ഗുല്‍നെത്തിന്റെ അനുജന്റെ മകളായ ഖുശ്ബു ബായിയും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. ഖുശ്ബുവിന്റെ കുടുംബം ഛത്തീസ്ഗഡിലാണ് താമസിച്ചിരുന്നത്. അഛന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു, അമ്മ ഉപേക്ഷിച്ച് പോകുകയും ചെയ്തു. തുടര്‍ന്ന് ബെനഡികും ഗുല്‍നെത്തും ഖുശ്ബുവിനെ ഒപ്പം താമസിപ്പിക്കുകയായിരുന്നു. ബെനഡിക്കും ഗുല്‍നെത്തും പത്തുവര്‍ഷം മുമ്പ് ജാര്‍ഖണ്ഡില്‍ നിന്ന് പ്രസില്ലയെയും ഖുശ്ബുവിനെയും കൂട്ടി കാഞ്ഞങ്ങാട്ടെത്തുകയായിരുന്നു. കാഞ്ഞങ്ങാട്ടെ വ്യാപാരിയായ ഗുരുദത്ത് പൈയും ഭാര്യ സാധനാ പൈയും ഇവര്‍ക്ക് മേലാങ്കോട്ടെ വീട്ടില്‍ താമസിക്കാന്‍ സൗകര്യമൊരുക്കി. കൃഷിയും മറ്റ് കാര്യങ്ങളും നോക്കി നടത്താന്‍ ബെനഡിക്കിനെയും ഗുല്‍നെത്തിനെയും ഏല്‍പ്പിച്ചു. പിന്നീട് ഇവര്‍ക്ക് മലാങ്കോട്ടെ വീട്ടില്‍ സ്ഥിരതാമസത്തിന് അനുവാദം നല്‍കുകയായിരുന്നു. പ്രസില്ലയെയും ഖുശ്ബുവിനെയും സ്വന്തം മക്കളെ പോലെയാണ് മേലാങ്കോട്ടെ ദമ്പതികള്‍ കാണുന്നത്. കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാനും പഠിക്കാനും ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തത് ഇവരാണ്. പശ്ചിമ ബംഗാള്‍ സ്വദേശിയായ ദീപ് സമാജ് പാട്ടി അതിയാമ്പൂരിലെ വാടകവീട്ടില്‍ അഛന്‍ തിലോകിനും അമ്മ ശ്രാവന്തിക്കുംഒപ്പമാണ്താമസം.

error: Content is protected !!