ന്യൂഡല്‍ഹി: പാകിസ്ഥാന് വീണ്ടും ഇന്ത്യയുടെ തിരിച്ചടി. പാകിസ്ഥാന് അയച്ച ഡ്രോണുകളും മിസൈലുകളും ചെറുത്തുകൊണ്ടാണ് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയത്. പാകിസ്ഥാന് വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യ തകര്‍ത്തെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ സായുധ സേന പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളില്‍ വ്യോമ പ്രതിരോധ റഡാറുകളെ തകര്‍ത്തുവെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ജമ്മുകാശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പാകിസ്ഥാന് ആക്രമണം നടത്താന്‍ ശ്രമിച്ചത്.
ഓപ്പറേഷന് സിന്ദൂറിന്റെ ഭാഗമായി സംഘര്‍ഷം വലുതാക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല. പക്ഷേ പാകിസ്ഥാന് ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെയാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. ഇന്ത്യയിലെ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ഏതൊരു ആക്രമണത്തിനും തക്കതായ മറുപടി നല്‍കുമെന്ന് ഇന്ത്യ ആവര്‍ത്തിച്ചു. പാകിസ്ഥാന് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇന്ത്യയിലെ അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, കപൂര്‍ത്തല, ജലന്ധര്‍, നാല്, ഫലോഡി, ഉത്തര്ലായ്, ഭുജ് എന്നിവയുള്‍പ്പടെ നിരവധി സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചു.
എന്നാല്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യ ഇതിനെ പ്രതിരോധിക്കുകയായിരുന്നു. ഈ ആക്രമണങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തെന്ന് ഇന്ത്യന്‍ ആര്‍മി അറിയിച്ചു. ആക്രമണങ്ങള്‍ക്ക് പിന്നാലെ ജനങ്ങള്‍ ആശങ്കയിലാണ്. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ രാജസ്ഥാന്, പഞ്ചാബ് എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്കി.
എസ് 400
പാകിസ്ഥാന് നടത്തിയ മിസൈല്‍ ആക്രമണം ചെറുത്തത് എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനമാണ്. റഷ്യയില്‍ നിന്ന് ഇന്ത്യ അടുത്തിടെ ഇത് വാങ്ങിയത്. യുദ്ധവിമാനങ്ങള്‍, ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവ തകര്‍ക്കാന്‍ കഴിയുന്ന വ്യോമ പ്രതിരോധ സംവിധാനമാണ് ഇത്. ലോകത്ത് നിലവിലുള്ളതില്‍ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനമാണ് എസ് 400. 40 മുതല്‍ 400 കിലോമീറ്റര്‍ ദൂരെവരെയുള്ള ഒന്നിലധികം ലക്ഷ്യങ്ങളെ കണ്ടെത്താനും അവയെ ഒരേസമയം തകര്‍ക്കാനും ഇതിന് സാധിക്കും. അഞ്ച് എസ് 400 മിസൈല്‍ സംവിധാനമാണ് ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങിയത്.
