മലബാറിന്റെ മേള നായകന്‍ പൂരങ്ങളുടെ പൂരനിരയിലേക്ക്

കാഞ്ഞങ്ങാട് :ഉത്തര മലബാറില്‍ നിന്നും ചെണ്ടയുടെ നായകത്വത്തെ കേരളത്തിലുടനീളം അടയാളപ്പെടുത്തിയ കലാകാരന്‍ മഡിയന്‍ രാധാകൃഷ്ണ മാരാര്‍ ഇക്കുറി പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിലെ ഇലഞ്ഞിത്തറ മേള നിരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ സിംഫണി എന്നാണ് പാറമേക്കാവ് വിഭാഗത്തിന്റെ ഇലഞ്ഞിത്തറമേളം അറിയപ്പെടുന്നത്. കിഴക്കൂട്ട് അനിയന്മാരാര്‍ നയിക്കുന്ന ഇലഞ്ഞിത്തറ മേളത്തിന്റെ ഉരുട്ടു ചെണ്ടനിരയില്‍ അഞ്ചാം സ്ഥാനക്കാരന്‍ ആയിട്ടാണ് മഡിയന്‍ രാധാകൃഷ്ണമാരാര്‍ എത്തിച്ചേരുന്നത്. ആദ്യമായാണ് ഉത്തരമലബാറില്‍ /വടക്കന്‍ കേരളത്തില്‍ നിന്നൊരാള്‍ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. വര്‍ഷങ്ങളോളം മേളനിരയുടെ ഒരറ്റത്തുനിന്നും കൊട്ടി മുന്‍നിരസ്ഥാനങ്ങളിലേക്ക് എത്തിയവരാണ് കലാകാരന്മാരില്‍ പലരും. എന്നാല്‍ രാധാകൃഷ്ണ മാരാരെ നേരിട്ട് തന്നെ ഇലഞ്ഞിത്തറമേളനിരയിലെ അഞ്ചാം സ്ഥാനക്കാരനായി തിരഞ്ഞെടുത്തു എന്നത് വാദ്യകലാരംഗത്ത് അദ്ദേഹത്തിന്റെ പ്രസക്തിയും കഴിവും അടയാളപ്പെടുത്തുന്നു.

തായമ്പകയില്‍ സമ്പ്രദായ ശൈലിയെ അടയാളപ്പെടുത്തുന്ന കലാകാരനാണ് അദ്ദേഹം. വാദ്യ കലയ്ക്ക് അദ്ദേഹം നല്‍കിയ ഏറ്റവും വലിയ സംഭാവന വാദ്യ കലയ്ക്ക് ആദ്യമായി ലിപി തയ്യാറാക്കി എന്നതാണ്. തായമ്പകയില്‍ നവക്കൂറിന് രൂപം കൊടുത്തത് രാധാകൃഷ്ണ മാരാരാണ് .
അദ്ദേഹത്തിന്റെ കഴിവിനെ മാനിച്ചുകൊണ്ട് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം കൊട്ടുംപുറത്തു വെച്ച് 2019ല്‍ പട്ടും വളയും നല്‍കി ആദരിക്കുകയുണ്ടായി. അയോധ്യയില്‍ ശ്രീരാമക്ഷേത്രത്തില്‍ നടന്ന പ്രതിഷ്ഠയുമായി ബന്ധപ്പെട്ട 41 ദിവസത്തെ മണ്ഡല ഉത്സവത്തിന് വാദ്യ പരിപാടികളുടെ ചുമതല ഏറ്റെടുത്ത് നടത്തിയത് രാധാകൃഷ്ണ മാരാരാണ്. വാദ്യലോകത്ത് ഒട്ടേറെ ശിഷ്യ സമ്പത്തിന് ഉടമയാണ്. ഇലഞ്ഞിത്തറമേളത്തില്‍ രാധാകൃഷ്ണ മരരോടൊപ്പം ശിഷ്യനായ ശ്രീരാഗ് കാഞ്ഞങ്ങാടും പങ്കെടുക്കുന്നു. കാഞ്ഞങ്ങാട് വെച്ച് 2017ല്‍ സംഘടിപ്പിച്ച, തിമിലയിടച്ചില്‍ മത്സരമായ തകൃതാമൃതം എന്ന പരിപാടി ഇന്നും വാദ്യകലാരംഗത്ത് ചര്‍ച്ചയാണ്. കേരള ക്ഷേത്രവാദ്യകല അക്കാദമിയുടെ കാസര്‍കോട്  ജില്ലാ പ്രസിഡന്റു കൂടിയാണ് അദ്ദേഹം.

 

 

error: Content is protected !!