പ്രഗതി വിദ്യാകേന്ദ്രം ഭാരതനാട്യം അരങ്ങേറ്റം ശ്രദ്ധേയമായി

മാവുങ്കാല്‍:ഭാവ രാഗ താളങ്ങള്‍ നിറഞ്ഞ സായം സന്ധ്യയില്‍ നര്‍ത്തകിമാര്‍ നിറഞ്ഞാടിയപ്പോള്‍ ആസ്വാദകരുടെ മനം കുളിര്‍ന്നു. നൃത്തവും നാട്യവും നടനവും ഒരുമിച്ച് ചേര്‍ന്നപ്പോള്‍ കാണികള്‍ക്കും അത് പുതുമയുള്ള അനുഭവമായി. ഭരതനാട്യകച്ചേരിയിലെ പുഷ്പാഞ്ജലി, അലാരിപ്പ്, ശബ്ദം,കീര്‍ത്തനം, തില്ലാന തുടങ്ങിയ ഇനങ്ങള്‍ക്കൊപ്പം മോഹിനിയാട്ടവും കുച്ചിപ്പുടിയും ആസ്വദിക്കാന്‍ വന്‍ജനാവലിയാണ് രാമനഗരം ശ്രീരാമക്ഷേത്ര പരിസരത്ത് തയ്യാറാക്കിയ പ്രത്യേക നൃത്തമണ്ഡപത്തിലേക്ക് ഒഴുകിയെത്തിയത്. സുപ്രസിദ്ധ നര്‍ത്തകിയും പയ്യന്നൂര്‍ ഭരത കലാഞ്ജലി ഡയറക്ടറുമായ സീത ശശിധരന്‍ ഉദ്ഘാടനം ചെയ്തു. സംഗീതജ്ഞന്‍ ടി പി സോമശേഖരന്‍ അധ്യക്ഷനായി. ബാലചന്ദ്രന്‍ പെരിയ, കെ ബാലകൃഷ്ണന്‍ , ഗണപതി ഭട്ട്,ജയദേവന്‍ അണ്ടോള്‍ എന്നിവര്‍ സംസാരിച്ചു. യുവജനോത്സവ പ്രതിഭകളെ ചടങ്ങില്‍ അനുമോദിച്ചു. വേദിയില്‍ വെച്ച് പ്രഗതി നൃത്ത അദ്ധ്യാപകന്‍ സന്തോഷ് നാട്യാഞ്ജലി ജില്ലാ ആശുപത്രിയില്‍ സേവാഭാരതി നല്‍കി വരുന്ന അന്നദാനത്തിനായിയുള്ള സംഭാവന സേവാഭാരതി ജനറല്‍ സെക്രട്ടറി കെ. ബാലകൃഷ്ണന്‍ ഏറ്റുവാങ്ങി. എം ജയകുമാര്‍ സ്വാഗതവും പി പവിത്രന്‍ നന്ദിയും പറഞ്ഞു. അരങ്ങേറ്റത്തിന് കാഹളമോതി പ്രഗതിയിലെ വിവിധ ഉപകരണ സംഗീതം വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ മ്യൂസിക്കല്‍ ഫ്യൂഷന്‍ ഏറെശ്രദ്ധേയമായി.

error: Content is protected !!