നീലേശ്വരം : ലോറി ഡ്രൈവറുടെ അക്രമത്തില്‍ എസ്ഐക്കും പോലീസുകാരനും പരിക്ക്. ഇന്നലെ രാത്രി നീലേശ്വരം പോലീസ് സ്റ്റേഷനില്‍ വച്ചാണ് സംഭവം. എസ് ഐ അരുണ്‍ മോഹന്‍, സിവില്‍ പോലീസ് ഓഫീസര്‍ നിധീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ ചായ്യോത്ത് മാനൂരി കിഴക്കേ വീട്ടില്‍ കെ വി സന്തോഷ് (40) നെ അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സന്തോഷ് പരാതി നല്കാന് ഉണ്ടെന്നും പറഞ്ഞ് നീലേശ്വരം പോലീസ് സ്റ്റേഷനില്‍ എത്തിയത്. പരാതി എഴുതി നല്‍കണമെന്ന് പിആര്‍ഒ എ എസ് ഐ പ്രകാശന് ആവശ്യപ്പെട്ടപ്പോള്‍ മദ്യലഹരിയിലായിരുന്ന സന്തോഷ് പിആര്‍ഒയുടെ മുറിയിലെ കസേരയും മറ്റും വലിച്ചെറിഞ്ഞു. ശബ്ദം കേട്ട് ഓടിയെത്തിയ എസ് ഐ അരുണ്‍ മോഹന്റെ കോളറില്‍ പിടിക്കുകയും യൂണിഫോമിലെ നെയിം പ്ലേറ്റ് പിടിച്ചു പറിക്കുകയും അടിക്കുകയും ചെയ്തു. തടയാന്‍ ചെന്നപ്പോഴാണ് സിവില്‍ പോലീസ് ഓഫീസര്‍ നിതീഷിനെയും ആക്രമിച്ചത്. അരുണ്‍ മോഹന്റെ കഴുത്തിനും നിതീഷിന്റെ കൈയ്ക്കും അക്രമത്തില്‍ പരിക്കേറ്റു. മറ്റു പോലീസുകാര്‍ ബലം പ്രയോഗിച്ചാണ് പ്രതിയെ പിടികൂടിയത്. പരിക്കേറ്റ എസ്.ഐ യും പോലീസുകാരനും നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ നീലേശ്വരം എസ്.ഐ കെ വി രതീശന്റെ പരാതിയില്‍ കേസെടുത്തു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാകും.
