ചെറുവത്തൂര്‍ : ചീമേനി നിടുമ്പയിലെ എന്‍. മുകേഷിന്റെ വീട് കുത്തിത്തുറന്ന് 40 പവനും നാലര കിലോ വെള്ളിപ്പാത്രങ്ങളും കവര്‍ന്ന കേസിലെ പ്രതകളില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നേപ്പാള്‍ സ്വദേശി നാര്‍ ബഹദൂര്‍ സാഹിയെയാണ് (30) പുണെ നിഗിഡി പോലീസിന്റെ സഹായത്തോടെ ചീമേനി ഇന്‍സ്‌പെക്ടര്‍ കെ. അനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ഹാജരാക്കിയ ശേഷം തെളിവനെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.
പ്രതിയുമായി പോലീസ് തെളിവെടുപ്പ് തുടങ്ങി. കവര്‍ച്ച നടത്തിയ ശേഷം രക്ഷപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവര്‍, വഴിയില്‍ സംസാരിച്ച നാലുപേര്‍, ഇവര്‍ താമസിച്ച ചെറുവത്തൂരിലെ ലോഡിജിലെ ജീവനക്കാര്‍ എന്നിവരെല്ലാം പ്രതിയെ തിരിച്ചറിഞ്ഞു. തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് ചീമേനി നിടുമ്പയിലെ എന്‍. മുകേഷ് കുമാറും ഭാര്യയും താമസിക്കുന്ന വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന് വീടിനകത്തെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണവും വെള്ളിപ്പാ ത്രങ്ങളും കവര്‍ച്ച ചെയ്തത്. ഇരുവരും ജോലിക്കാരനും കണ്ണൂരിലെ തറവാട് വീട്ടില്‍ പോയ നേരത്തായിരുന്നു കവര്‍ച്ച.
വീട്ടിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചതില്‍ നേപ്പാള്‍ സ്വദേശികളായ ചക്രസാഹി, ഇഷ ചൗധരി അഗര്‍വാള്‍ എന്നിവരാണ് കവര്‍ച്ച നടത്തിയതെന്നും ഇവരുടെ സഹായത്തിന് രണ്ടുപേര്‍ കൂടിയുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു. ചക്ര സാഹിയും ഇഷ ചൗധരിയും പശുക്കളെ പരിപാലിക്കാന്‍ വീട്ടില്‍ ജോലിക്കെത്തിയവരാണ്. സംഭവത്തിന് ശേഷം ഇരുവരും സ്ഥലം വിട്ടിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചുപേര്‍ കവര്‍ച്ച മുതലുമായി ഓട്ടോറിക്ഷയില്‍ കയറിയാണ് സ്ഥലം വിട്ടതെന്ന് മറ്റ് നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ച് പോലീസ് സ്ഥിരീകരിച്ചിരുന്നു. കേസിലെ ആറു പേരെയും പോലീസ് തിരിച്ചറിഞ്ഞു. ഇവരുടെ ഫോട്ടോയും മറ്റു വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. നേപ്പാള്‍ സ്വദേശികളായതിനാലാണ് ഇവരെ പിടികൂടാന്‍ പ്രയാസപ്പെടുന്നത്. രാജ്യത്തെ എല്ലാ പോലീസ് സ്റ്റേ ഷനുകളിലേക്കും ഇവരെക്കുറിച്ചുള്ള വിവരം കൈമാറിയിട്ടുണ്ട്. പുണെ നിഗിഡി പോലീസ് സ്റ്റേഷനില്‍ നാര്‍ ബഹദൂര്‍ സാഹി മറ്റൊരു കേസില്‍ പിടി യിലായതിനെ തുടര്‍ന്ന് ചീമേനി പോലീസില്‍ വിവരമറിയിക്കുകയും ഇന്‍സ്‌പെക്ടറും സംഘവും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
