കാഞ്ഞങ്ങാട് : ആശുപത്രിയില്‍ ഗുണ്ടാവിളയാട്ടം. ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റു. നോര്‍ത്ത് കോട്ടച്ചേരിയിലെ ഐഷാല്‍ മെഡിസിറ്റിയില്‍ വ്യാഴാഴ്ച രാത്രി 10.50 നാണ് സംഭവം. സാരമായി പരിക്കേറ്റ എമര്‍ജന്‍സി ഫിസിഷ്യന്‍ ഡോ. ശിവരാജിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഒമ്പത് പേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് സ്വദേശികളായ ആരിഫ്, ഹുദൈഫ്, സിയാദ്, സാദിഖ്, റാഷിദ്, സിനാന്‍, ഷെയ്ഖ് അബ്ദുല്‍ റഹ്‌മാന്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റു രണ്ടു പേര്‍ക്കുമെതിരെയാണ് കേസ്. ഒന്നാം പ്രതി മുഹമ്മദ് ആരിഫിനെ പോലീസ് അറസ്റ്റു ചെയ്തു.
അപകടത്തില്‍ പരിക്കേറ്റ ആളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച രോഗിയെ മാറ്റാന്‍ വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സ് വേണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍, രോഗിയുടെ കൂടെയുണ്ടായിരുന്ന ആള്‍ തന്റെ ആംബുലന്‍സിലേക്ക് രോഗിയില്‍ നിന്നു വെന്റിലേറ്റര്‍ മാറ്റി കയറ്റണമെന്ന് ആവശ്യപ്പെട്ടു. ഇതിന് ഡോക്ടറും ആശുപത്രി അധികൃതരും തയാറാകാതെ വന്നതോടെയാണ് പ്രതികള്‍ ആക്രമം അഴിച്ചുവിട്ടത്. തടയാന്‍ ചെന്ന ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമാണ് മര്‍ദനമേറ്റത്. ആശുപത്രിയുടെ ഡോര്‍ ചവിട്ടി പൊളിച്ചും കേടുപാട് സംഭവിച്ചു. 15000 രൂപയുടെ നഷ്ടം വരുത്തിയതായും പരാതിയില്‍ പറയുന്നു.
