കാഞ്ഞങ്ങാട്: രാഷ്ട്രീയ – സാമൂഹിക – ജീവകാരുണ്യ മേഖലയില്‍ ഒരു പുരുഷായുസ്സ് മുഴുവന്‍ കര്‍മ്മനിരതമായ സേവനം നല്കി വിട പറഞ്ഞ മെട്രോ മുഹമ്മദ് ഹാജിയുടെ സ്മരണ നിലനിര്‍ത്താന്‍ കാഞ്ഞങ്ങാട് മുസ്ലിം വെല്‍ഫെയര്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ മെട്രോ പുരസ്കാരത്തിന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയും എംഎല്‍എയുമായ ഡോ. എം കെ മുനീര്‍, മുന്‍ മന്ത്രിയും കൊല്ലം പാര്‍ലിമെന്റ് അംഗവുമായ എന്‍ കെ പ്രേമചന്ദ്രന് എന്നിവര്‍ അര്‍ഹരായി. മെട്രോ മുഹമ്മദ് ഹാജിയുടെ അഞ്ചാം ചരമവാര്‍ഷികദിനമായ 2025 ജൂണ്‍ 10ന് കാഞ്ഞങ്ങാട് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ മുന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പുരസ്കാരം വിതരണം ചെയ്യും. ഡോ. ഖാദര്‍ മാങ്ങാട് ചെയര്‍മാനും മാധ്യമ പ്രവര്‍ത്തകരായ ഇ വി ജയകൃഷ്ണന്, ബഷീര്‍ ആറങ്ങാടി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഇരുപത്തിഅയ്യായിരത്തി ഒരു രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്കാരം.
പ്രതിഭാധനനായ പൊതുപ്രവര്‍ത്തകനും രാഷ്ട്രീയ നേതാവും എഴുത്തുകാരനും ചിത്രകാരനും പ്രഭാഷകനുമാണ് ഡോ. എം കെ മുനീര്‍. പഞ്ചായത്ത്, സാമൂഹിക ക്ഷേമം എന്നീ വകുപ്പുകളുടെ മന്ത്രിയുമായിരുന്നു ഡോ.എം കെ മുനീര്‍ എംഎല്‍എ. മുന്‍ മുഖ്യമന്ത്രിയായിരുന്ന സി എച്ച് മുഹമ്മദ് കോയയുടെ മകനായി 1962 ആഗസ്റ്റ് 26ന് ജനനം. നിലവില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയാണ്. എംബിബിഎസ് ബിരുദധാരിയായ മുനീര്‍ കലാസാംസ്കാരിക മേഖലകളിലും അഭിരുചിയുള്ള ആളാണ്. ചില സിനിമകള്‍ക്കും ഏതാനും ആല്‍ബങ്ങള്‍ക്കും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. കോഴിക്കോട്ടെ ഒലിവ് പുസ്തക പ്രസാധാലയം മുനീറിന്റെ മുന്‍കൈയാല്‍ തുടക്കമിട്ട സ്ഥാപനമാണ്. പത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. രണ്ട് ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്.
1987 ല്‍ കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പൊതുജീവിതം ആരംഭിച്ചത്. 1991 ല്‍ കോഴിക്കോട്ടു നിന്നും 1996 ലും 2001 ലും മലപ്പുറത്ത് നിന്നും കേരള നിയമസഭാംഗമായി വിജയിച്ചു.2001 മുതല്‍ 2006 വരെ കേരളത്തിലെ പൊതുമരാമത്തു വകുപ്പ് മന്ത്രിയായിരുന്നു.2011 മുതല്‍ 2016 വരെ പഞ്ചായത്ത് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആയിരുന്നു. മികച്ച പാര്‍ലിമെന്റേറിയനും പ്രഭാഷകനുമായ എന്‍ കെ പ്രേമചന്ദ്രന് റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാക്കളിലൊരാളാണ്. നിലവില്‍ കൊല്ലം ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്സഭാംഗമാണ്. കേരള സര്‍ക്കാരില്‍ മുന്‍ ജലവിഭവ മന്ത്രിയായിരുന്നു അദ്ദേഹം, ജലസേചനം, ഭൂഗര്‍ഭജല വികസനം, ജലവിതരണം, ശുചിത്വം എന്നിവയുടെ ചുമതല വഹിച്ചിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗമായിരുന്നു. ഇറാഖിലേക്കുള്ള തന്റെ യാത്രാനുഭവത്തെ അടിസ്ഥാനമാക്കി പ്രേമചന്ദ്രന് ഓ ഇറാഖ് എന്ന പുസ്തകം എഴുതിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചുള്ള വിഷയം ഏറ്റെടുക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചതായി ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി.
ആര്‍എസ്പിയുടെ വിദ്യാര്‍ത്ഥി സംഘടനയിലൂടെയാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.
നാവായിക്കുളം ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പ്രേമചന്ദ്രന് സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായത്. പിന്നീട് ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1996 ലും തുടര്‍ന്ന് 1998 ലും 2014 ലും കൊല്ലം മണ്ഡലത്തില്‍ നിന്ന് ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.2000 ല്‍ അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കൊല്ലം ജില്ലയിലെ ചവറ നിയമസഭാ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു , 2006 -2011 കാലയളവില്‍ ജലവിഭവ മന്ത്രിയായി. 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ , കൊല്ലം ലോക്സഭാ നിയോജകമണ്ഡലത്തില്‍ നിന്ന് 1.5 ലക്ഷം വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ അദ്ദേഹം വിജയിച്ചു. ശബരിമല വിധിയെ മറികടക്കുന്ന ഒരു സ്വകാര്യ ബില്‍ അദ്ദേഹം അവതരിപ്പിച്ചു, പതിനേഴാം ലോക്സഭയില്‍ അവതരിപ്പിച്ച ആദ്യത്തെ സ്വകാര്യ ബില്ലായിരുന്നു ഇത്.
അവാര്‍ഡ് നിര്‍ണ്ണയ സമിതി അംഗങ്ങള്‍ക്ക് പുറമെ വെല്‍ഫെയര്‍ സൊസൈറ്റി ചെയര്മാന് ടി അബൂബക്കര്‍ ഹാജി, കണ്‍വീനര്‍ ടി റംസാന്, ഡയറക്ടര്‍മാരായ എ ഹമീദ് ഹാജി, സുറൂര്‍ മൊയ്തു ഹാജി എന്നിവരും വാര്‍ത്താ സമ്മേളനത്തില്സംബന്ധിച്ചു
