കാഞ്ഞങ്ങാട് നഗരത്തില്‍ ജൂണ്‍ 2 മുതല്‍ ബസുകളുടെ പാര്‍ക്കിംഗ് ക്രമീകരിച്ചു

കാഞ്ഞങ്ങാട് : നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും കോട്ടച്ചേരി ബസ്സ്സ്റ്റാന്‍ഡിന്റെ നവീകരണ പ്രവൃത്തികള്‍ മൂലം ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്നതില്‍ ഉണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാനും കാഞ്ഞങ്ങാട് നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്നു. ജൂണ്‍ 2മുതല്‍ കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നഗരസഭ ഹാളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തിരുമാനമായി.

പാണത്തൂര്‍ ഭാഗത്തേക്കും വടക്കോട്ടും പോകുന്ന ബസ്സുകള്‍ ആലാമി പള്ളി ബസ്സ്റ്റാന്‍ഡില്‍ നിന്നും ആരംഭിക്കണം. കാസര്‍കോട് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് അവസാനിക്കുന്ന ബസ്സുകള്‍ ആലാമിപള്ളി ബസ്റ്റാന്‍ഡില്‍ യാത്ര അവസാനിപ്പിക്കണം. തെക്ക് ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ കോട്ടച്ചേരി ബസ് സ്റ്റാന്‍ഡില്‍ നിന്നും തുടങ്ങി അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ കയറി യാത്ര തുടരേണ്ടതാണ്. 5 മിനിറ്റ് സമയം മാത്രമേ ബസ്സുകള്‍ കോട്ടച്ചേരി ബസ്സ്റ്റാന്റിന് മുമ്പില്‍ നിര്‍ത്തിയിടാന്‍ പാടുള്ളൂ. സര്‍വീസ് റോഡ് ഒരു ഭാഗത്തേക്കുള്ള യാത്ര മാത്രമേ അനുവദിക്കുകയുള്ളൂ. നഗരത്തിലെ അനധികൃത പാര്‍ക്കിംഗിനെതിരെ പോലീസും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റം സംയുക്തമായി സ്‌പെഷ്യല്‍ ഡ്രൈവ് നടത്താന്‍ തീരുമാനിച്ചു.
കട ഉടമകളുടെ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് സ്വന്തം ഉത്തരവാദിത്വത്തില്‍ സ്ഥലം കണ്ടെത്തേണ്ടതാണ്. സര്‍വീസ് റോഡില്‍ ആവശ്യമായ സ്ഥലത്ത് നോ എന്‍ട്രി ബോര്‍ഡുകളും അറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കും.

അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യുന്ന ടൂറിസ്റ്റ് ബസുകള്‍ക്ക് പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്തി ബസ് സ്റ്റാന്‍ഡില്‍ ഒരു ഭാഗത്ത് സ്ഥലം അനുവദിക്കും. കെഎസ്ആര്‍ടിസി ബസുകള്‍ക്കും ഇത് ബാധകമാണ്.  അരയിപ്പാലം ,ജില്ലാ ആശുപത്രി, കടപ്പുറം ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസ്സുകള്‍ അനശ്വര കോംപ്ലക്‌സിന് മുന്നില്‍ പാര്‍ക്ക് ചെയ്യുന്നതാണ്. നഗരത്തിലെ ഓട്ടോ സ്റ്റാന്‍ഡുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി പാര്‍ക്ക് ചെയ്യാവുന്ന ഓട്ടോകളുടെ എണ്ണം നിജപ്പെടുത്തി മാര്‍ക്ക് ചെയ്യും. പരിഷ്‌കരിച്ച ഗതാഗത ക്രമികരണം ജൂണ്‍ 2മുതല്‍ പ്രാബല്യത്തില്‍ വരും.  പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. അനീഷ്, കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത്, ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി അജിത് കുമാര്‍, ട്രാഫിക് സബ് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ , നഗരസഭാ സെക്രട്ടറി കെ വി ചന്ദ്രന്‍, പിഡബ്ല്യുഡി സെക്രട്ടറി ദേവന്‍, വില്ലേജ് ഓഫീസര്‍ ഹരികൃഷ്ണന്‍ തുടങ്ങി വിവിധ ആളുകള്‍ സംബന്ധിച്ചു.

error: Content is protected !!