നിലമ്പൂരില്‍ എം.സ്വരാജ് ഇടത് സ്ഥാനാര്‍ഥി

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
സിറ്റിങ് സീറ്റായ നിലമ്പൂരില്‍ എല്‍ഡിഎഫിനും സിപിഎമ്മിനും അഭിമാന പോരാട്ടമാണ്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ പ്രമുഖ നേതാവിനെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

തൃപ്പൂണിത്തുറ മുന്‍ എംഎല്‍എ ആയ സ്വരാജ് കഴിഞ്ഞ തവണ പരാജയപ്പെട്ടിരുന്നു. ഇടത് സ്വതന്ത്രനായിരുന്ന പി.വി.അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് മുന്നണി വിട്ടതോടെയാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. അന്‍വറിന്റെ രാജിക്ക് പിന്നാലെ നിലമ്പൂരിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല സിപിഎം സ്വരാജിന് നല്‍കിയിരുന്നു. നിലമ്പൂര്‍ സ്വദേശിയായ സ്വാരാജ് വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് ഉയര്‍ന്ന് വന്നത്. ദേശാഭിമാനി റസിഡന്റ് എഡിറ്ററാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, മലപ്പുറം ജില്ലാ സെക്രട്ടറി, ഡിവൈഎഫ് സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 2016–2021 ല്‍ കാലഘട്ടത്തില്‍ തൃപ്പൂണിത്തുറയിലെ നിയമസഭാംഗമായിരുന്നു. ഡിവൈഎഫ്ഐ മുഖമാസിക യുവധാരയുടെ എഡിറ്റര്‍ പദവിയും വഹിച്ചിട്ടുണ്ട്.

ആര്യാടന്‍ ഷൗക്കത്താണ് യുഡിഎഫ് സ്ഥാനാര്‍ഥി. ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ സംബന്ധിച്ചാണ് ഇനി അനിശ്ചിതത്വം നിലനില്‍ക്കുന്നത്. ബിജെപി മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ബിഡിജെഎസ് മത്സരിച്ചേക്കും. യുഡിഎഫിന്റെ ഭാഗമാക്കിയില്ലെങ്കില്‍ പി.വി.അന്‍വര്‍ മത്സരിക്കുമെന്ന ഭീഷണി മുഴക്കിയിട്ടുണ്ട്.

error: Content is protected !!