പാക്യാര പള്ളിയില്‍ ബഹളം വെച്ച ജമാഅത്ത് അംഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കി

ഉദുമ: പാക്യാര മുഹ് യുദ്ദീന്‍ ജുമാ മസ്ജിദിനുള്ളില്‍ ബഹളം വെക്കുകയും പ്രാര്‍ത്ഥനക്കെത്തിയവരെ അശ്ലീല ഭാഷയില്‍ തെറി വിളിക്കുകയും ചെയ്ത ജമാഅത്ത് അംഗം കെ എം അബ്ദുല്ല ഹാജിക്കെതിരെ നടപടി ആവശ്യപ്പെട്ട് ജമാഅത്ത് കമ്മിറ്റി ബേക്കല്‍ പോലീസില്‍ പരാതി നല്‍കി.
വെള്ളിയാഴ്ച ജുമാ നിസ്‌കാര സമയത്താണ് പള്ളിയുടെ അകത്ത് പ്രവേശിപ്പിച്ച അബ്ദുല്ല ഹാജി ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ റഷീദ് പള്ളം, ജമാ അത്ത് കമ്മിറ്റി അംഗം പിഎ ഇബ്രാഹിം എന്നിവരെ തെറി വിളിച്ച് പ്രാര്‍ത്ഥന തടസപ്പെടുത്താന്‍ ശ്രമിച്ചത്. അശ്ലീല ഭാഷയിലുള്ള തെറി വിളി പള്ളിയുടെ പവിത്രതയെ കളങ്കപ്പെടുത്തുന്ന രീതിയിലായി. മുമ്പ് പല തവണ ഇദ്ദേഹം പള്ളിക്ക് പുറത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പള്ളിക്കുള്ളില്‍ പ്രശ്‌നമുണ്ടാക്കുന്നത് ആദ്യമായാണ്.ഇദ്ദേഹം സ്ഥിരം പ്രശ്‌നക്കാരനായി മാറിയിട്ടുണ്ട്. ജമാഅത്ത് അംഗങ്ങളോടും ഇദ്ദേഹം ഇതേ സമീപനമാണ് കാണിക്കുന്നത്.

മുന്‍ ജമാഅത്ത് കമ്മിറ്റിക്ക് ഒരു കോടി രൂപ നല്‍കിയതിന്റെ പേരില്‍ ഇപ്പോള്‍ നിലവില്‍ വന്ന കമ്മിറ്റിക്കുള്ള വൈരാഗ്യം കാരണം തന്നെ തടഞ്ഞു വെച്ച് അക്രമിച്ചുവെന്ന കള്ള കഥയുണ്ടാക്കി നാട്ടിലെ ഏതാനും പേര്‍ക്കെതിരെ ഇദ്ദേഹത്തിന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. ഇങ്ങനെയുള്ള അക്രമ സംഭവം പാക്യാര പള്ളിക്കകത്തോ പരിസരത്തോ റോഡിലോ നടന്നതായി പള്ളി പരിസരത്തുള്ളവര്‍ക്കോ നാട്ടുകാര്‍ക്കോ അറിയില്ല.
ചില വ്യക്തികളെ കള്ളക്കേസില്‍ കുടുക്കാന്‍ ഇദ്ദേഹം ഉണ്ടാക്കിയ തിരകഥയിലാണ് ജമാഅത്ത് കമ്മിറ്റിയില്‍പ്പെട്ട ചിലര്‍ക്കെതിരെ പോലീസ് കേസെടുത്തത്. ഇദ്ദേഹത്തിന്റെ വീട്ടുപരിസരത്തും പള്ളി പരിസരത്തുമുള്ള സിസിടിവി പരിശോധിച്ചാല്‍ അക്രമകഥ കെട്ടി ചമച്ചതാണെന്ന് വ്യക്തമാകും.

പഴയ കമ്മിറ്റിക്ക് ഇയാള്‍ ഒരു കോടി നല്‍കി എന്ന് പറയുന്നത് പച്ച കള്ളമാണ്. പുതിയ കമ്മിറ്റിക്ക് മുന്‍ കമ്മിറ്റി കൈമാറിയ ബാങ്ക് പാസ് ബുക്കില്‍ അങ്ങിനെയൊരു തുക കൈപറ്റിയതായി കാണുന്നില്ല. കഴിഞ്ഞ ജനറല്‍ ബോഡിയിലും ഈ തുക നല്‍കിയ കാര്യം ഇദ്ദേഹം പറഞ്ഞിട്ടില്ല.
ഇദ്ദേഹത്തിന്റെ വീടിന് അടുത്ത് വര്‍ഷങ്ങളായി സമാന്തരമായി മസ്ജിദ് നടത്തുന്ന വിവരം നാട്ടുകാര്‍ നിയമപാലകരെ അറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മസ്ജിദില്‍ നിന്നും അയല്‍വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ ഇദ്ദേഹം ഉച്ചഭാഷിണി ഉപയോഗിക്കുന്നു. സുരക്ഷിതമല്ലാത്ത രീതിയില്‍ വഴിയാത്രക്കാരായ സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ സൗകര്യമുണ്ട് എന്ന രീതിയില്‍ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ഇതൊക്കെ പരിശോധിച്ച് ഇദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ജമാഅത്ത് കമ്മിറ്റി ആവശ്യപ്പെട്ടു

error: Content is protected !!