ഉറൂസിനിടയില്‍ വാഹന പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം: ആറുപേരെ കുത്തിയും അടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലു പ്രതികള്‍ക്ക് മൂന്നുവര്‍ഷവും ഒമ്പത് മാസവും തടവും പിഴയും

കാസര്‍കോട്:ആലംപാടി ഉറൂസിനിടയില്‍ വാഹന പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ആറുപേരെ കുത്തിയും അടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ നാലു പേരെ മൂന്നു വര്‍ഷവും ഒമ്പത് മാസവും തടവിനും ഇരുപതിനായിരം രൂപ പിഴ അടക്കാനും കോടതി വിധിച്ചു. ആലംപാടി മുട്ടത്തോടി സ്വദേശികളായ അബ്ദുല്‍ ഹക്കീം( 38) അഹമ്മദ് കബീര്‍ (37) അഹമ്മദ് ഗസാലി (34) മൂസ സുനൈദ് എന്ന ( 35) എന്നിവരെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് കെ.പ്രിയ ശിക്ഷിച്ചത്. കേസില്‍ മൂന്നു പ്രതികള്‍ ഇപ്പോഴും ഒളിവിലാണ് .ആലംപാടി സ്വദേശികളായ ഹൈദരലി, മുഹമ്മദ് മുസ്തഫ, മുദാസിര്‍,ഉമ്മര്‍ ഫാറൂഖ്, സെമീര്‍,അബ്ദുള്ള എന്നിവര്‍ക്കാണ് കുത്തേറ്റത്. 2018 ഏപ്രില്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ആലംപാടി ഉറൂസിന് ഇടയില്‍ വാഹന പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പ്രതികള്‍ കത്തി , കമ്പി എന്നിവ കൊണ്ട് കുത്തിയും അടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. അന്ന് വിദ്യാനഗര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ കെ പി വിനോദ് കുമാറും ഇ അനൂപ് കുമാറും ആണ് കേസ് അന്വേഷിച്ചത് .
ദൃക്‌സാക്ഷികള്‍ കൂറുമാറിയ കേസില്‍ സാഹചര്യ തെളിവിന്റെയും പോലീസ് ഹാജരാക്കിയ രേഖകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ജി.ചന്ദ്രമോഹനന്‍ ചിത്രകല എന്നിവര്‍ ഹാജരായി.

error: Content is protected !!