കേരളീയ ജനതയുടെ ഒത്തൊരുമയും ഐക്യവുമാണ് പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് നല്‍കിയത്: മുഖ്യമന്ത്രി പിണറായി വിജയന്‍

എന്റെ കേരളം’ പ്രദര്‍ശന വിപണന മേളക്ക് തുടക്കമായി കേരളം നേരിട്ട എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കരുത്ത് നല്‍കിയത് നാടിന്റെ ഒത്തൊരുമയും ഐക്യവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങളുടെയും ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട് കാലിക്കടവ് മൈതാനത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2016 ല്‍ തകര്‍ന്നടിഞ്ഞു കിടന്ന നാടിന്റെ ഭരണസാരഥ്യമാണ് ജനങ്ങള്‍ സര്‍ക്കാരിനെ ഏല്‍പ്പിച്ചത്. നാടിനെ കാലോചിതമായി മാറ്റി വികസനം ഉറപ്പുവരുത്തുക എന്ന ദൗത്യവുമായി മുന്നോട്ട് പോയപ്പോള്‍ ഒന്നിനുപുറകെ ഒന്നായി ഉണ്ടായ പ്രകൃതി ദുരന്തങ്ങള്‍, പകര്‍ച്ചവ്യാധികള്‍, നൂറ്റാണ്ടിലെ മഹാ പ്രളയം, കോവിഡ് തുടങ്ങിയ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കരുത്ത് നല്‍കിയത് നാടിന്റെ ഒത്തൊരുമയും ഐക്യവും ആണ്. ഇത്തരം പ്രതിസന്ധികള്‍ ഉണ്ടായപ്പോള്‍ സംസ്ഥാനത്തിന്റെ കൂടെ നിന്ന് അതിജീവനം നേടാന്‍ സഹായിക്കാന്‍ ബാധ്യതയുള്ളവര്‍ ഒരു ഘട്ടത്തിലും ആവശ്യമായ സഹായം നല്‍കിയില്ല. നിഷേധാത്മക നിലപാട് സ്വീകരിക്കുകയും ലഭിക്കാന്‍ സാധ്യതയുള്ള സഹായങ്ങള്‍ അധികാരം ഉപയോഗിച്ച് തടയുകയും ചെയ്തു.

എന്നാല്‍, ജനങ്ങള്‍ സര്‍ക്കാരുമായി സഹകരിച്ച് നിലപാടെടുത്തതിനാല്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. രാജ്യവും ലോകവും ആശ്ചര്യപൂര്‍വ്വം കേരളത്തിന്റെ അതിജീവനം നോക്കിക്കണ്ടു. എല്ലാ സഹായവും നിഷേധിച്ച കേന്ദ്രസര്‍ക്കാരില്‍ നിന്നുതന്നെ കേരളത്തിന്റെ മികവിനുള്ള പുരസ്‌കാരങ്ങള്‍ ഒന്നിനുപുറകെ ഒന്നായി വാങ്ങിക്കാന്‍ കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം ഏറ്റെടുത്ത് ആകാവുന്ന രീതിയില്‍ പുരോഗതിയിലേക്ക് നയിക്കാനാണ് ശ്രമിച്ചത്.

കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് കരുതിയിരുന്ന പല പദ്ധതികളും സര്‍ക്കാരിന് നടപ്പിലാക്കാന്‍ സാധിച്ചു. 2016 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ റോഡുകള്‍ വികസിച്ചു. റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ണ്ണതയിലേക്ക് എത്തി. ദേശീയപാതാ വികസനം യാഥാര്‍ത്ഥ്യമാകുന്നതോടെ അധികം സമയനഷ്ടമില്ലാതെയുള്ള സഞ്ചാരവും സാധ്യമാവും. ഗെയില്‍ പൈപ്പ്ലൈന്‍, സിറ്റി ഗ്യാസ് പദ്ധതി, ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ, ഗ്രീന്‍ഫീല്‍ഡ് ഹൈവേ, മലയോര ഹൈവേ, തീരദേശ ഹൈവേ, കോവളം- ബേക്കല്‍ ജലപാത തുടങ്ങി നാടിന്റെ മാറ്റം ആരെയും കൊതിപ്പിക്കുന്നതാണ്. കേരളത്തിന്റെ പ്രകൃതി ഭംഗിയോടൊപ്പം പശ്ചാത്തല സൗകര്യവും വികസിക്കുന്നു. 60 ലക്ഷം പേര്‍ക്ക് 1600 രൂപ ക്ഷേമപെന്‍ഷന്‍ നല്‍കിവരുന്നു. വിദ്യാഭ്യാസം,ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, കൃഷി തുടങ്ങിയ സമസ്ത മേഖലകളിലും കേരളം പുരോഗതിയുടെ പാതയിലാണ്.

നെല്‍വയലിന്റെ വിസ്തീര്‍ണ്ണം വര്‍ദ്ധിച്ചു. കിടപ്പാടം സ്വപ്നം കണ്ടവര്‍ക്ക് ലൈഫ് പദ്ധതി വഴി നാലുലക്ഷം വീടുകള്‍ കൊടുത്തു. നാല് ലക്ഷത്തിലധികം പട്ടയങ്ങള്‍ വിതരണം ചെയ്തു. ഏതു മേഖലയില്‍ നോക്കിയാലും മാറ്റത്തിന്റെയും പുരോഗതിയുടെയും ചിത്രമാണ് കേരളത്തിന്റേത്.

നാലാം വാര്‍ഷികാഘോഷത്തിന് കാസര്‍കോട് ജില്ലയെ തിരഞ്ഞെടുക്കാനുള്ള ഒരു കാരണം കേരള വികസനത്തിന് ഭദ്രമായ അടിത്തറയിട്ട ഒന്നാം ഇടതുപക്ഷ സര്‍ക്കാരിനെ നയിച്ച ഇ.എം.എസ് പ്രതിനിധാനം ചെയ്ത മണ്ഡലമായ നീലേശ്വരം ഈ ജില്ലയില്‍ ആയതുകൊണ്ടാണ്. തീര്‍ച്ചയായും അത് അഭിമാനമുളവാക്കുന്ന കാര്യമാണ്. നവകേരള സൃഷ്ടിയില്‍ വികസനത്തില്‍ എണ്ണി പറയേണ്ട നാഴികക്കല്ലുകള്‍ ഉണ്ട്. ഇനിയും അത് തുടരുന്നതിനായി മുഖ്യമന്ത്രി ജനങ്ങളില്‍ നിന്ന് സഹകരണവും പിന്തുണയും അഭ്യര്‍ത്ഥിച്ചു.

 

error: Content is protected !!