മെയ് 20 ന് ദേശീയ പണിമുടക്ക് വിജയിപ്പിക്കും: ജില്ലാ ട്രേഡ് യൂണിയന്‍ കണ്‍വെന്‍ഷന്‍ കാഞ്ഞങ്ങാട് നടന്നു

കാഞ്ഞങ്ങാട് : ജാതി, മത വിഭജന തന്ത്രം പ്രയോഗിച്ചും കോര്‍പ്പറേറ്റ് പ്രീണന നയവും സ്വീകരിച്ച് രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങള്‍ ചവിട്ടിമെതിക്കാന്‍ കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.സുനില്‍കുമാര്‍ പറഞ്ഞു. മെയ് 20 ന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിനായി കോട്ടച്ചേരി ബാങ്ക് ഹാളില്‍ ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷിക, ഇന്ധന, വ്യാവസായിക മേഖലയില്‍ അടക്കം രാജ്യത്തെ എല്ലാ രംഗവും സ്വകാര്യവല്‍ക്കരിച്ച് തൊഴില്‍ മേഖല പൂര്‍ണ്ണമായും ഇല്ലാതാക്കുകയാണ് കേന്ദ്രം. മോദി പാസാക്കിയ തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകളിലൂടെ കോര്‍പ്പറേറ്റ് കുത്തക കമ്പനികള്‍ക്ക് പരവതാനി വിരിച്ചു.കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ നടക്കുന്ന ദേശീയ പണിമുടക്കില്‍ മുഴുവന്‍ തൊഴിലാളികളും അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് അസംബ്ലി നിയോജക മണ്ഡലങ്ങളിലും മുന്‍സിപ്പല്‍, പഞ്ചായത്ത് തലങ്ങളിലും തൊഴിലാളി കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കാനും പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജിതമാക്കാനും ജില്ലാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

കണ്‍വെന്‍ഷനില്‍ കെ.എസ് കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. സി. ഐ. ടി. യു സംസ്ഥാന സെക്രട്ടറി ടി കെ രാജന്‍ ജില്ലയിലെ സമര പരിപാടികള്‍ വിശദീകരിച്ചു. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ( എ. ഐ. ടി. യു. സി ) പി. വി തമ്പാന്‍ ( എച്ച്. എം. എസ് ) അബ്ദുല്‍ റഹ്‌മാന്‍ മാസ്റ്റര്‍ ( എന്‍. എല്‍. യു ) ഉദിനൂര്‍ സുകുമാരന്‍ ( എന്‍. എല്‍. സി ) കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ ( ഐ. എന്‍. എല്‍. സി ) കെ.എം ബാലകൃഷ്ണന്‍ ( ജെ.ടി.യു.സി ) ടി. കൃഷ്ണന്‍, വി വി പ്രസന്ന കുമാരി എന്നിവര്‍ പ്രസംഗിച്ചു. സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ കണ്‍വീനര്‍ സാബു എബ്രഹാം സ്വാഗതവും സിഐടിയു ജില്ലാ സെക്രട്ടറി പി. മണിമോഹന്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!