ക്രൈസ്തവര്‍ പെസഹാ വ്യാഴം ആചരിച്ചു

കാഞ്ഞങ്ങാട്: ക്രൈസ്തവര്‍ ഇന്ന് പെസഹാ വ്യാഴം ആചരിക്കുകയാണ്. കുരിശുമരണത്തിന് മുമ്പ് യേശു ലോകത്തിന് മുഴുവന്‍ എളിമയുടെ സന്ദേശം നല്‍കിക്കൊണ്ട് 12 ശിഷ്യന്മാരുടെ കാലുകള്‍ കഴുകി ചുംബിച്ചതിന്റെ ഓര്‍മ്മ പുതുക്കി ദേവാലയങ്ങളില്‍ ഇന്ന് വൈദികര്‍ 12 വിശ്വാസികളുടെ കാലുകള്‍ കഴുകി ചുംബിച്ചു.

കാഞ്ഞങ്ങാട് ഉണ്ണിമിശിഹാ ഫൊറോനപള്ളിയില്‍ വികാരി ഫാ.ജോര്‍ജ് കളപ്പുരയും പടന്നക്കാട് നല്ലിടയന്‍ പള്ളിയില്‍ തലശ്ശേരി അതിരൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ മാത്യു ഇളംതുരുത്തിപ്പടവിലും നീലേശ്വരം സെന്റ് മേരീസ് പള്ളിയില്‍ ഫാ.ജോര്‍ജ് ചേന്നപ്പള്ളിയും നീലേശ്വരം സെന്റ് പീറ്റേഴ്‌സ് ചര്‍ച്ചില്‍ ഫാ.ആന്‍സന്‍ പീറ്ററും രാജപുരം തിരുകുടുംബ ഫൊ റോന ദേവാലയത്തില്‍ ഫാ.ജോസഫ് അരീച്ചിറയും ഒടയഞ്ചാല്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ ഫാ.ജേക്കബ്ബ് മാളിയേക്കലും തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

കാഞ്ഞങ്ങാട് അപ്പസ്‌തോല റാണി പള്ളിയില്‍ വൈകീട്ട് നടക്കുന്ന ചടങ്ങുകള്‍ക്ക് ഫാ.ജോണ്‍സണ്‍ നെടുംപറമ്പില്‍ നേതൃത്വം നല്‍കും. ഇന്ന് രാത്രി വീടുകളില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷ നടക്കും. അന്ത്യ അത്താഴത്തിന്റെ സ്മരണയാണ് പെസഹാ വ്യാഴാഴ്ച വീടുകളിലൊരുക്കുന്ന പെസഹാ വിരുന്ന്. കുടുംബത്തിലെ മുതിര്‍ന്ന വ്യക്തിയാണ് പെസഹാ അപ്പം മുറിച്ച് കുടുംബാംഗങ്ങള്‍ക്ക് നല്‍കുക. നാളെയാണ് ദുഃഖവെള്ളി. യേശുവിന്റെ പീഡാസഹനത്തിന്റെ സ്മരണ ആചരണമാണിത്. ഞായറാഴ്ച ഉയിര്‍പ്പ്തിരുനാള്‍.

error: Content is protected !!