കാഞ്ഞങ്ങാട് :ലഹരിയാവാം കളിയിടങ്ങളോട് എന്ന സന്ദേശവുമായി ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ നടത്തുന്ന കെ സെവന്‍സ് സോക്കര്‍ എസ് എഫ് എ അംഗീകൃത അഖിലേന്ത്യ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ട് മത്സരത്തില്‍ ആദ്യ വിജയം നേടി മെര്‍മര്‍ ഇറ്റാലിയ സബാന്‍ എഫ് സി കോട്ടക്കലിന്റെ താരങ്ങളുമായി ഇറങ്ങിയ സ്‌പോര്‍ട്ടിംഗ് ഇമാറത്ത് മൂന്നാംമൈലിന് സ്വന്തം ടീമുമായി ഇറങ്ങിയ ഉഷ എഫ്‌സി തൃശ്ശൂരിന് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയം നേടി ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.കളിയുടെ ഒമ്പതാം മിനുട്ടില്‍ ആസിഫിലൂടെ മൂന്നാം മൈല്‍ മുന്നിലെത്തി.ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വിഷ്ണുവിലൂടെ ഉഷ എഫ് സി സമനില ഗോള്‍ നേടി.പരാജയപ്പെടുന്ന ടീം ടൂര്‍ണമെന്റില്‍ നിന്നും പുറത്തുപോകും എന്നതിനാല്‍ വിജയ ഗോള്‍ കണ്ടെത്താന്‍ ഇരു ടീമുകളും കഠിന ശ്രമം നടത്തിക്കൊണ്ടിരുന്നു.കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തില്‍ എതിര്‍ ടീം ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീക്കളില്‍ നിന്നും കളിയിലൂട നീളം മികച്ച പ്രകടനം നടത്തിയ ബോണ്ടിയുടെ മനോഹരമായ ഷോട്ട് എതിര്‍ ടീമിന്റെ ഗോള്‍വലയില്‍ മുത്തമിട്ടു.അപ്പോഴേക്കും റഫറിയുടെ കളി അവസാനിക്കുന്നതിനുള്ള ലോങ്ങ് വിസിലും മുഴങ്ങി.ഇതോടുകൂടി 2 -1 എന്ന ഗോള്‍ വ്യത്യാസത്തില്‍ സ്‌പോര്‍ട്ടിംഗ് മൂന്നാം മെയില്‍ ജയം നേടി. ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
അവസാനനിമിഷം ഫ്രീക്ക് ഗോള്‍ നേടിയ ബോണ്ടിയാണ് കളിയിലെ താരം.ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം അനീഷ് കുറുമ്പാലം താരത്തിന് ട്രോഫി നല്‍കി.സംഘാടകസമിതി ഭാരവാഹികളായ പി കെ നിഷാന്ത്, വി ഗിനീഷ്, വിപിന്‍ബല്ലത്ത്, എം സേതു എന്നിവര്‍ പങ്കെടുത്തു. ഇന്ന് നടക്കുന്ന രണ്ടാം റൗണ്ടിലെ രണ്ടാമത്തെ മത്സരത്തില്‍ ഫിറ്റ് വെല്‍ കോഴിക്കോടിന്റെ താരങ്ങളുമായി എത്തുന്ന കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരായ ടീസ്പൂണ്‍ ഫുഡ്‌സ് നാഷണല്‍ എഫ് സി കോട്ടപ്പുറം ടൂര്‍ണമെന്റ് നടക്കുന്ന മൈതാനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന അഭിലാഷ് എഫ് സി കുപ്പോത്തിന്റെ താരങ്ങളുമായി എത്തുന്ന പാര്‍ക്കോ അതിയാമ്പൂരുമായി മത്സരിക്കും. ഫെഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ രാത്രി എട്ടുമണിക്കാണ് മത്സരംതുടങ്ങുന്നത്
