കാഞ്ഞങ്ങാട്:ഗോള്‍ അവസരങ്ങളും ,ഭാഗ്യ നിര്‍ഭാഗ്യങ്ങളും മാറിമാറി നിന്ന തുല്യ ശക്തികളുടെ ആവേശ പോരാട്ടത്തില്‍ 100 എച്ച് പി ബ്രദര്‍സ് കാഞ്ഞങ്ങാടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ഗോള്‍ഡ് ഹില്‍ ഹദ്ദാദ് ബേക്കല്‍ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി.ലഹരിയാം കളിയിടങ്ങളോട് എന്ന സന്ദേശവുമായി ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ നടത്തുന്ന എസ് എഫ് എ അംഗീകൃത കെ സെവന്‍സ് സോക്കര്‍ സീസണ്‍ ഫോര്‍ അഖിലേന്ത്യ ഫെഡ്‌ലൈറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആവേശകരമായ മത്സരമാണ് ഇന്നലെ നടന്നത്.
കളിക്ക് ഇടയില്‍ കളിക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതും മറ്റ് ഫൗളുകളും കാരണം കളി തടസ്സപ്പെടുന്ന സമയം ഉള്‍പ്പെടെ ഒരു മണിക്കൂര്‍ 10 മിനിറ്റുമാണ് ഇന്നലത്തെ വാശിയേറിയ മത്സരം നടന്നത്.ഈ സീസണില്‍ 6 കപ്പുകള്‍ ഉയര്‍ത്തിയ ഫിഫ മഞ്ചേരിയുടെ താരങ്ങളുമായി ഇറങ്ങിയ ഗോള്‍ഡ് ഹില്‍ ഹദ്ദാദ് ബേക്കലിനെ ഞെട്ടിച്ചു കൊണ്ട് എഫ് സി കൊണ്ടോട്ടിയുടെ താരങ്ങളുമായി ഇറങ്ങിയ 100 എച്ച് പി ബ്രദേഴ്‌സ് കാഞ്ഞങ്ങാട് ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബൈജുവിന്റെ ഒരു തകര്‍പ്പന്‍ ഫ്രീ കിക്ക് മഴവില്‍ ഗോളിലൂടെ മുന്നിലെത്തി.തികച്ചും ആവേശകരമായ രണ്ടാം പകുതിയില്‍ നിരവധി അവസരങ്ങളാണ് ഇരു ടീമുകള്‍ക്കും ലഭിച്ചത്. കളിയുടെ അവസാനഘട്ടത്തില്‍ അവസരങ്ങള്‍ കാത്തുനിന്ന ഫിഫ മഞ്ചേരിയുടെ മിന്നും താരം ദോസോയുടെ മാജിക് ഗോളിയുടെ ഹദ്ദാദ് ബേക്കല്‍ ഗോള്‍ മടക്കി തുല്യത നേടി.മത്സരം കാണാന്‍ എത്തിയ കാണികളെ ആവേശത്തില്‍ ആക്കിയ വിജയഗോള്‍ നേടാന്‍ ഇരു ടീമുകളും കഠിന ശ്രമം നടത്തിയെങ്കിലുംഭാഗ്യ നിര്‍ഭാഗ്യങ്ങളെ മൂലം ഗോള്‍ കണ്ടെത്താനായില്ല.ഒരു മണിക്കൂറും 10 മിനിറ്റ് നീണ്ടുനിന്ന ആവേശ പോരാട്ടത്തില്‍ കളി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി തുല്യത നേടിയതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.
പെനാല്‍റ്റിയുടെ ആദ്യ അഞ്ച് അവസരങ്ങളും ഇരു ടീമുകളും തുല്യമായതിനെ തുടര്‍ന്ന് കളിയിലൂട നീളം മികച്ച സേവുകള്‍ നടത്തിയ ഇരു ടീമുകളുടെയും ഗോളിമാര്‍ തമ്മിലുള്ള അടിയില്‍ ബ്രദേഴ്‌സ് കാഞ്ഞങ്ങാടിന്റെ കിക്ക് ഗോള്‍ പോസ്റ്റിന് പുറത്തുപോയതിനെ തുടര്‍ന്ന് ഹദ്ദാദ് ബേക്കല്‍ ജേതാക്കളായി.കളിയിലൂട നീളം മികച്ച സേവുകള്‍ നടത്തിയ ബ്രദേഴ്‌സ് കാഞ്ഞങ്ങാടിന്റെ ഗോള്‍വല കാത്ത ലിയാഖത്ത് ആണ് ഇന്നലത്തെ കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.താരത്തിന് എസ് എഫ് എ ജില്ല സെക്രട്ടറി എം സേതു ഉപഹാരം നല്‍കി.മത്സരം തുടങ്ങുന്നതിന് മുന്നോടിയായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍,ദേവസ്വം ബോര്‍ഡ് മേഖലാ ചെയര്‍മാന്‍ കെ. വി. സുരേന്ദ്രന്‍ ഗ്രൗണ്ട് കമ്മിറ്റി വൈസ് ചെയര്‍മാന്‍ കെ വി രതീഷ്,ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗം രാജേഷ് കാറ്റാ ടി എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.ഇന്ന് നടക്കുന്ന ആദ്യ റൗണ്ട് മത്സരത്തിലെ അവസാന പോരാട്ടത്തില്‍ കെ എം ജി മാവൂരിന്റെ താരങ്ങളുമായി ഹാസ്‌ക് ഹദ്ദാദ് നഗര്‍ കാഞ്ഞങ്ങാട് കെ ആര്‍ എസ് സി കോഴിക്കോടിന്റെ താരങ്ങളുമായി എത്തുന്ന നന്മ നീലേശ്വരവുമായി ഏറ്റുമുട്ടും.വിദേശ താരങ്ങളും ദേശീയ താരങ്ങളും കളത്തില്‍ ഇറങ്ങുന്ന ആവേശകരമായ മത്സരം എട്ടുമണിക്ക് ആരംഭിക്കും. മത്സരത്തിന് മുന്നോടിയായി നാദക്കോട്ട് ദേവസ്ഥാനത്തെ 45 വനിതകള്‍ അണിനിരക്കുന്ന പൂരക്കളിഅരങ്ങേറും.
