പദ്ധതി നിര്‍വഹണത്തിലും കൈയ്യടി നേടി അജാനൂര്‍ ഗ്രാമ പഞ്ചായത്ത്

അജാനൂര്‍: 2024 – 25 സമ്പത്തിക വര്‍ഷം പ്ലാന്‍ ഫണ്ട് ഇനത്തില്‍ ലഭിച്ച മുഴുവന്‍ തുകയും ചെലവഴിച്ച് പദ്ധതി നിര്‍വഹണത്തിലും കൈയ്യടി നേടിയിരിക്കുകയാണ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത്. നികുതി പിരിവില്‍ 100 % കൈവരിച്ചിരുന്നു. പ്ലാന്‍ ഫണ്ട് ജനറല്‍ , പട്ടിക ജാതി മേഖലയിലെ വികസനത്തിനായി ലഭിച്ച പ്രത്യേക ഉദ്ദേശ ഗ്രാന്റ്, പട്ടിക വര്‍ഗ്ഗ മേഖലയിലെ വികസനത്തിനായി ലഭിച്ച ടി എസ് പി ഫണ്ട് എന്നിവ മുഴുവന്‍ തുകയും ചെലവഴിച്ച് 100% കൈവരിക്കാന്‍ സാധിച്ചു. കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഇനത്തില്‍ ലഭിച്ച ടൈഡ് ഫണ്ട് 107 % (സ്പില്‍ ഓവര്‍ ഉള്‍പ്പടെ) വും ബേസിക്ക് ഫണ്ട് 48% വും ചെലവഴിച്ചു. റോഡ് നവീകരണത്തിനായി ലഭിച്ച ഫണ്ട് 61.5% റോഡിതര പ്രവര്‍ത്തികള്‍ക്കായി ലഭിച്ച ഫണ്ട് 59.1 % വും ചെലവഴിച്ചു.

പ്ലാന്‍ ഫണ്ട് ഇനത്തില്‍ ആകെ 3,91,87,000 (മൂന്ന് കോടി തൊണ്ണൂറ്റി ഒന്ന് ലക്ഷത്തി എണ്‍പ്പത്തി ഏഴായിരം) രൂപയാണ് ലഭിച്ചത്. ഇതില്‍ 24,39,531 രൂപ ലൈഫ് ഭവന പദ്ധതി വായ്പ തിരിച്ചടച്ചു. 16,64,400 രൂപ അംഗന്‍വാടി പോഷക ആഹാരം നല്‍കിയ വകയില്‍ സര്‍ക്കാറിലേക്ക് നല്‍കി. 3.5 കോടി രൂപയുടെ പദ്ധതിയാണ് പൂര്‍ത്തിയാക്കിയത്. കാര്‍ഷിക മേഖലയില്‍ പച്ചക്കറി സ്വയം പര്യാപ്തത കൈവരിക്കാന്‍ മട്ടുപ്പാവ് കൃഷി, അടുക്കള തോട്ടം, പച്ചക്കറി തൈ വിതരണം, പച്ചക്കറി വിത്ത് വിതരണം, പച്ചക്കറി കൂലി ചെലവ്, ഇഞ്ചി ചേന മഞ്ഞള്‍ വിത്ത് വിതരണം തുടങ്ങിയവ നടപ്പിലാക്കി. കൂടാതെ തെങ്ങ് കൃഷി വികസനം , നെല്‍കൃഷി വികസനം, കിഴങ്ങ് കൃഷി വികസനം എന്നിവയും നടപ്പിലാക്കി. മൃഗസംരക്ഷണ മേഖലയില്‍ ആടുവളര്‍ത്തല്‍, മുട്ടക്കോഴി വിതരണം, കറവ പശു വിതരണം, മരുന്ന് വാങ്ങല്‍, ധാതു ലവണ മിശ്രിതം നല്‍കല്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കി. ക്ഷീര മേഖലയില്‍ പാലിന് സബ്ബ്‌സിഡി , കലിത്തിറ്റ വിതരണം നടപ്പിലാക്കി. മത്സ്യബന്ധന മേഖലയില്‍ മുറ്റത്തൊരു മീന്‍ തോട്ടം പദ്ധതി നടപ്പിലാക്കി. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, ലൈഫ് ഭവന പദ്ധതി (ജനറല്‍) , ലൈഫ് ഭവന പദ്ധതി (SC) , ലൈഫ് ഭവന പദ്ധതി (ST), ഭവന പുനരുദ്ധാരണം , വയോജന സംഗമം, ഭിന്നശേഷി സംഗമം, ബാലസഭ കുട്ടികള്‍ക്കായി വിനോദ യാത്ര , വയോജനങ്ങളള്‍ക്കായി മരുന്ന് വാങ്ങല്‍ , തുടങ്ങിയവ നടപ്പിലാക്കി. കൂടാതെ ആരോഗ്യ മേഖലിലും വിദ്യാഭാസ മേഖലയിലും നിരവധി പദ്ധതികള്‍ പൂര്‍ത്തികരിച്ചു.

പട്ടിക ജാതി വിഭാഗത്തില്‍ 24,25,000 രൂപയാണ് ലഭിച്ചത്. അതില്‍ 98,068 രൂപ ലൈഫ് ഭവന പദ്ധതി വായ്പ തിരിച്ചടവിന് നല്‍കി. ബാക്കി തുകയാണ് പദ്ധതിക്കായി ചെലവഴിച്ചത്. പട്ടിക ജാതി കുടുംബകള്‍ക്ക് സൗര റാന്തല്‍ , വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് , ഫര്‍ണിച്ചര്‍, ലൈഫ് ഭവന പദ്ധതി, ഭവന പുനരുദ്ധാരണം തുടങ്ങിയ പദ്ധതികള്‍ക്കായി മുഴുവന്‍ തുകയും ചെലവഴിച്ചു.
പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ 836000 രൂപയാണ് ആകെ ലഭിച്ചത്. അതില്‍ 29,334 രൂപ ലൈഫ് ഭവന പദ്ധതി വായ്പ തിരിച്ചടവ് നടത്തി. ബാക്കി തുകയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണിച്ചര്‍ , മെറിറ്റോറിയല്‍ സ്‌കോളര്‍ഷിപ്പ് , ലൈഫ് ഭവന പദ്ധതി, ഭവന പുനരുദ്ധാരണം തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കി.

കേന്ദ്ര ധനകാര്യ കമ്മീഷന്‍ ടൈഡ് ഗ്രാന്റ് ഇനത്തില്‍ ലഭിച്ചത് 99 ലക്ഷം രൂപയാണ്. അതില്‍ സ്പില്‍ ഓവര്‍ പദ്ധതി ഉള്‍പ്പെടെ 1.07 കോടി രൂപ ചെലവഴിച്ചു. ബേസിക്ക് ഗ്രാന്റ് ഇനത്തില്‍ ലഭിച്ചത് 66 ലക്ഷം രൂപയാണ്. അതില്‍ 32 ലക്ഷം രൂപ ചെലവഴിച്ചു.
മെയിന്റനന്‍സ് ഗ്രാന്റ് റോഡ് ഇനത്തില്‍ 4,18,83,000 രൂപ ലഭിച്ചു. 2,57,41,717 രൂപ ചെലവഴിച്ചു. റോഡിതര ഗ്രാന്റ് ഇനത്തില്‍ ആകെ 1,54,81,000 രൂപയാണ് ലഭിച്ചത്. അതില്‍ 91,51,904 രൂപയാണ് ചെലവഴിച്ചത്. പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പദ്ധതികള്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി നടപ്പാക്കിയതിന്റെ ഭാഗമായിട്ടാണ് ഈ നേട്ടം കൈവരിക്കാന്‍സാധിച്ചത്.

error: Content is protected !!