മംഗലാപുരത്ത് മുത്തൂറ്റ് ശാഖയില്‍ മോഷണശ്രമം: രണ്ട് കാഞ്ഞങ്ങാട് സ്വദേശികള്‍ അറസ്റ്റില്‍

മംഗലാപുരം : മംഗലാപുരത്തെ ഡെര്‍ളക്കട്ടെയിലെ മുത്തൂറ്റ് ശാഖയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഉണ്ടായ മോഷണ ശ്രമത്തിനിടെ രണ്ട് കാഞ്ഞങ്ങാട് സ്വദേശികള്‍ അറസ്റ്റില്‍, ഒരാള്‍ ഓടി രക്ഷപ്പെട്ടു. കാഞ്ഞങ്ങാട് സ്വദേശികളായ നോര്‍ത്ത് കോട്ടച്ചേരി സുല്‍ത്താന്‍ ഗോള്‍ഡിന് സമീപം താമസിക്കുന്ന ഹര്‍ഷദ് , കാഞ്ഞങ്ങാട് താമസിക്കുന്ന ഇടുക്കി രാജക്കാട് സ്വദേശി മുരളി എന്നിവരാണ് അറസ്റ്റിലായത്. കൂടെയുണ്ടായിരുന്ന ബല്ലാ കടപ്പുറത്തെ അബ്ദുള്‍ ലത്തീഫ് ഓടി രക്ഷപ്പെട്ടെന്ന് പോലീസ് വ്യക്തമാക്കി. മുത്തൂറ്റ് ശാഖയുടെ മുന്‍വശത്തെ വാതില്‍ പൊളിച്ചാണ് ഇവര്‍ അകത്ത് കടക്കാന്‍ ശ്രമിച്ചത്. സെക്യൂരിറ്റി അലാം അടിച്ചതോടെ മുത്തൂറ്റിന്റെ കണ്‍ട്രോള്‍ റൂമില്‍ വിവരം കിട്ടി. അവര്‍ പോലീസിനെ വിളിച്ച് പറഞ്ഞതിനെ തുടര്‍ന്ന് പോലീസ് ഉടന്‍ സ്ഥലത്തെത്തി. കെട്ടിടത്തിനകത്ത് മുരളിയും ഹര്‍ഷദും കുടുങ്ങി. ലത്തീഫ് പോലീസ് വരുന്ന ശബ്ദം കേട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ചെറുവത്തൂര്‍ വിജയ ബാങ്ക് മോഷണക്കേസ് പ്രതികളാണ് പിടിയിലായ ഇരുവരുമെന്നും പോലീസ് പറഞ്ഞു.

error: Content is protected !!