നഗരത്തില്‍ വ്യാപാരികള്‍ക്ക് നരക യാതന: കാഞ്ഞങ്ങാട് മര്‍ച്ചന്‍സ് അസോസിയേഷന്‍ കടയടപ്പ് സമരത്തിലേക്ക്

കാഞ്ഞങ്ങാട് : നിരവധി കാരണങ്ങളാല്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തി നില്‍ക്കുന്ന വ്യാപാരികള്‍ക്ക് നഗരസഭയുടെ ഇരുട്ടടി.
ഉത്സവകാലമായ റമദാന്‍ കഴിഞ്ഞ് വിഷുവിന്റെയും,ഈസ്റ്ററിന്റെയും കച്ചവടം സ്വപ്നം കണ്ടിരിക്കുന്ന വ്യാപാരികളെ നിരാശയിലേക്ക് തള്ളിവിട്ടിരിക്കുകയാണ് കാഞ്ഞങ്ങാട് നഗരസഭ. നൂറുകണക്കിന് ബസുകള്‍ കയറിയിറങ്ങുന്ന ബസ്റ്റാന്‍ഡ് അടച്ചിട്ടു കൊണ്ട്, യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെ പാര്‍ക്കിംഗ് സൗകര്യം തീരിയില്ലാതെ വീര്‍പ്പുമുട്ടുന്ന കാഞ്ഞങ്ങാട് നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാക്കിയിരിക്കുകയാണ്. കാഞ്ഞങ്ങാട് നഗരത്തില്‍ എത്തുന്ന ബസ്സുകള്‍ മുഴുവന്‍ ഇപ്പോള്‍ മെയിന്‍ റോഡിലും സര്‍വീസ് റോഡിലും ആണ് പാര്‍ക്ക് ചെയ്യുന്നത് അതുമൂലം നഗരം മുഴുവന്‍ ട്രാഫിക് ബ്ലോക്ക് സംഭവിച്ചിരിക്കുന്നു.

വളരെയധികം വീതിയുള്ള റോഡും സര്‍വീസ് റോഡും ഉള്ള കാഞ്ഞങ്ങാട് നഗരത്തില്‍ ഷോപ്പിങ്ങിനായി വരുന്ന പൊതുജനങ്ങള്‍ക്ക് 5 മിനിറ്റ് പോലും വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സാധിക്കുന്നില്ല, നഗരസഭയുടെ കെടുകാര്യസ്ഥത മൂലം അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന സ്റ്റാന്‍ഡുകളും, അനധികൃത ഫുട്പാത്ത് കച്ചവടക്കാരും മറ്റ് ട്രെയിന്‍ യാത്രക്കാരും രാവിലെ തന്നെ സര്‍വീസ് റോഡ് മുഴുവന്‍ കയ്യേറി കഴിയും; നഗരസഭയ്ക്ക് നല്ലൊരു റവന്യൂ വരുമാനം ഉണ്ടാക്കിക്കൊടുക്കുന്ന വ്യാപാരികള്‍ക്ക് കച്ചവടം നടത്തുവാന്‍ സാധിക്കാത്ത സ്ഥിതിയാണ് ഇന്ന് കാഞ്ഞങ്ങാട് ഉള്ളത്. രണ്ടായിരത്തിലധികം കച്ചവടക്കാരുള്ള കാഞ്ഞങ്ങാട് നഗരത്തില്‍ ഉപഭോക്താവിന്റെ വാഹനം നിര്‍ത്തിയിടുവാനോ ഒന്ന് ഷോപ്പിങ്ങ് നടത്തുവാനോ സ്ഥലമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഈ സമയത്താണ് നഗരത്തിലെ ബസ്റ്റാന്‍ഡ് അടച്ചുകൊണ്ട് ബസ്സുകളെയും യാത്രക്കാരെയും റോഡിലേക്ക് ഇറക്കി വിടുന്ന സ്ഥിതി വന്നിരിക്കുന്നത്.

വിഷുവും ഈസ്റ്ററും അടുപ്പിച്ചുവരുന്ന ഈ ഉത്സവകാലം കഴിഞ്ഞ് രണ്ടുമാസം കൊണ്ട് തന്നെബസ്റ്റാന്‍ഡ് യാര്‍ഡ് പണി പൂര്‍ത്തിയാക്കണമെന്നുംനഗരത്തില്‍ എത്രയും പെട്ടെന്ന് ട്രാഫിക് പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. വ്യാപാരികള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുന്നില്ല്ങ്കില്‍ നഗരത്തിലെ മുഴുവന്‍ വ്യാപാരികളും കടയടച്ചിട്ട് സമരം ചെയ്യുമെന്ന് ഇന്ന് അടിയന്തിരമായി വ്യാപാരഭവനില്‍ ചേര്‍ന്ന കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭരണസമിതി യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡണ്ട് സി കെ ആസിഫ് അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി ഐശ്വര്യ കുമാരന്‍ സ്വാഗതവും , സെക്രട്ടറി അനില്‍ പി വി നന്ദിയും പറഞ്ഞു.ട്രഷറര്‍ ആസിഫ് മെട്രോ, വൈസ് പ്രസിഡണ്ട് മാരായ മഹേഷ് പി, ഗിരീഷ് നായക്, അമൃത ബാബു, സലാം എച്ച് ഇ, നിത്യാനന്ദന്‍ നായക് സെക്രട്ടറിമാരായ സമീര്‍ ഡിസൈന്‍, ഷെറീക്ക് കമ്മാടം, ഷെരീഫ് ഫോട്ടോ ഫ്രെയിം,ഷറഫുദ്ദീന്‍, ഫൈസല്‍ സൂപ്പര്‍ എന്നിവര്‍ യോഗത്തില്‍സംസാരിച്ചു.

error: Content is protected !!