മഞ്ചേശ്വരം : ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവണ്മെന്റ് കോളേജില്‍ യൂണിയന് ഔദ്യോഗികമായി പുറത്തുവിട്ട മാഗസിന് കത്തിക്കുകയും അത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയും ചെയ്ത, എസ് എഫ് ഐ പ്രവര്‍ത്തകരെ അടിയന്തിരമായി കോളേജില്‍ നിന്ന് പുറത്താക്കണമെന്ന് എബിവിപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് ധീരജ് അണങ്കൂര്‍. 2024-25 അധ്യയന വര്ഷത്തിലേതായി പുറത്തിറക്കിയ മാഗസിന് കത്തിച്ചത് വിദ്യാര്‍ത്ഥികളോടും സമൂഹത്തോടും എസ് എഫ് ഐ കാണിക്കുന്ന ധിക്കാരമാണ്. ഭരണ ഘടനാ പദവികളിലുള്ള വ്യക്തിത്വങ്ങളുടെയും ഒപ്പം രാജ്യം ഉന്നത സിവിലിയന്‍ പുരസ്കാരം നല്കി ആദരിച്ച, ആരാധ്യ രത്തന്‍ ടാറ്റ ഉള്‍പ്പെടെയുള്ള വ്യക്തിത്വങ്ങളുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന മാഗസിന് അപമാനകരമാം വിധം കൈകാര്യം ചെയ്തതും കത്തിച്ചതും ഒപ്പം അത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെ കൂട്ടം ചേര്‍ന്ന ആക്രമിച്ചതിനെയും എബിവിപി അങ്ങേയറ്റം അപലപിക്കുന്നു. സംസ്ഥാനത്ത് വ്യാപകമായി എസ് എഫ് ഐ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ സംഘടനകളുടെ പ്രവര്‍ത്തകര്‍ ലഹരിക്കേസില്‍ പിടിയിലാവുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെയും പൊതു സമൂഹത്തിന്റെയും ശ്രദ്ധ തിരിക്കാന്‍ അക്രമം അഴിച്ച് വിട്ട് കലാലയങ്ങള്‍ സംഘര്‍ഷഭരിതമാക്കാനുള്ള ശ്രമങ്ങളെ എന്ത് വിലകൊടുത്തും എബിവിപി ചെറുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍, കലാലയത്തിനകത്ത് എസ് എഫ് ഐ യുടെ യൂണിറ്റ് സെക്രട്ടറി അഭിഷേകിന്റെ നേതൃത്വത്തില്‍ നടന്ന ഈ അക്രമത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ കോളേജ് പ്രിന്സിപ്പാല് ഉള്‍പ്പെടെയുള്ള അധികൃതര്‍ തയ്യാറാവുകയും കുറ്റക്കാര്‍ക്കെതിരെ പുറത്താക്കല്‍ നടപടി സ്വീകരിക്കുകയും വേണം. നടപടികള്‍ക്ക് അധികൃതര്‍ തയ്യാറാവാത്ത പക്ഷം വിദ്യാര്‍ത്ഥികളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
മഞ്ചേശ്വരം ഗവണ്മെന്റ് കോളേജില്‍ അക്രമം നടത്തിയ എസ് എഫ് ഐ പ്രവര്‍ത്തകരെ പുറത്താക്കണം
