വെള്ളരിക്കുണ്ട്: സമാനതകളില്ലാത്ത സഹോദര്യവും, സമ്പന്നമായ കാര്‍ഷിക സമൃദ്ധിയും , വൈവിധ്യമാര്‍ന്ന സാംസ്‌കാരിക ഉള്ളടക്കവും ഒത്തുചേര്‍ന്ന പൈതൃകമാണ് പരപ്പ യുടേത്. പുതിയ ലോകത്തിന്റെ മാറ്റത്തിനൊപ്പം മലയാളിയുടെ ജീവിതവും മാറുകയാണ്. ഉല്ലാസഭരിതമായ നിമിഷങ്ങള്‍ സ്വന്തമാക്കാനും , ആകാശത്തോളം ഉയര്‍ന്നു പറക്കുവാനും നമ്മള്‍ കൊതിക്കുന്നത് സ്വാഭാവികമാണ്. അതിനുള്ള മഹത്തരമായ സന്ദര്‍ഭങ്ങള്‍ ഒരുക്കിക്കൊണ്ട് പരപ്പ സാംസ്‌കാരിക കൂട്ടായ്മ ഒരുക്കുന്ന ഫിയസ്റ്റ പരപ്പ ഫെസ്റ്റ് -2025 മാര്‍ച്ച് 29 ന് വൈകുന്നേരം നാലുമണിയോടെ വര്‍ണ്ണശബളമായ ഘോഷയാത്രയുടെ അകമ്പടിയോടെ തുടക്കം കുറിക്കും.പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും, സംഘാടകസമിതി ചെയര്‍മാനുമായ എം. ലക്ഷ്മിയുടെ അധ്യക്ഷതയില്‍ കേരളസംസ്ഥാന രജിസ്‌ട്രേഷന്‍ – മ്യൂസിയം – പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പരപ്പ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും . കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം മെമ്പര്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ,ഫിലിം സ്റ്റാര്‍ അനുമോള്‍ എന്നിവര്‍ മുഖ്യാതിഥികളാകും. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഏ.ആര്‍ രാജു ചടങ്ങിന് സ്വാഗതം പറയും.
ഫെസ്റ്റിന്റെ ലോഗോ രൂപകല്‍പന ചെയ്ത സ്റ്റെഫി പി എ എന്നവര്‍ക്ക് കാഞ്ഞങ്ങാട് എംഎല്‍എ ഇ.ചന്ദ്രശേഖരന്‍ , പൊതുമേഖലാ വ്യാവസായ രംഗത്ത് നിരവധി അവാര്‍ഡുകള്‍ വാങ്ങിയ കെസിസിപിഎല്‍ മാനേജിംഗ് ഡയറക്ടര്‍ എ. ബാലകൃഷ്ണന് തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലന്‍, ഫെസ്റ്റ് പ്രവേശന കവാടം ചെങ്കോട്ട ഡിസൈന്‍ ചെയ്ത പ്രശസ്ത ആര്‍ട്ടിസ്റ്റ് ആനന്ദ് സാരംഗിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ , ഷോര്‍ട്ട് ഫിലിം _സിനിമ – മാധ്യമ രംഗത്ത് നിരവധി അവാര്‍ഡുകള്‍ വാങ്ങിയ ചന്ദ്രു വെള്ളരിക്കുണ്ട് എന്നിവര്‍ക്ക് അനുമോദനം നല്‍കും . ബ്ലോക്ക് പരിധിയിലെ ത്രിതല പഞ്ചായത്ത് ഭരണസമിതി ഭാരവാഹികള്‍, സാമൂഹ്യ സാംസ്‌കാരിക പ്രമുഖര്‍, ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിക്കും.
മെഗാ ഫ്‌ലവര്‍ ഷോ കാര്‍ഷിക പ്രദര്‍ശനം അമ്യൂസ്‌മെന്റ് പാര്‍ക്ക് ശാസ്ത്ര വിദ്യാഭ്യാസ പ്രദര്‍ശനം ഫുഡ് കോര്‍ട്ട് വിപണന സ്റ്റാളുകള്‍ ഫ്രൂട്ട് പ്രദര്‍ശനം സെല്‍ഫി സ്‌പോട്ട് പൈതൃക മ്യൂസിയം സര്‍ഗ വിരുന്ന് തുടങ്ങി പ്രായഭേദമന്യേ എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന തരത്തിലാണ് പരപ്പ ഫെസ്റ്റ് ഒരുക്കിയിട്ടുള്ളതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഫെസ്റ്റിനോടനുബന്ധിച്ച് മാര്‍ച്ച് 30 മുതല്‍ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ നയിക്കുന്ന ബോധവല്‍ക്കരണ ക്ലാസുകളും സെമിനാറുകളും നടക്കും. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 8 വരെ എല്ലാ ദിവസവും വൈകുന്നേരം പ്രാദേശിക കലാകാരന്മാരുടെ സര്‍ഗ സന്ധ്യ അരങ്ങേറും. സിനിമാ താരങ്ങളായ ഉണ്ണിരാജ് ചെറുവത്തൂര്‍ അഡ്വ.സി ഷുക്കൂര്‍ സാഹിത്യകാരന്മാരായ സി.എം വിനയചന്ദ്രന്‍ പി.വി.കെ പനയാല്‍ നാടക പ്രവര്‍ത്തകന്‍ രവി ഏഴോം തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ അഥിതികളായി സംബന്ധിക്കും. ഫെസ്റ്റിന് മാറ്റ് കൂട്ടാന്‍ എല്ലാ ദിവസവും രാത്രി 8 മണിക്ക് കേരളത്തിലെ പ്രമുഖ ട്രൂപ്പുകളുടെ വിവിധ സ്റ്റേജ് ഷോകളും അരങ്ങേറും. മാര്‍ച്ച് 29ന് നാവോറ് നാട്ടുപാട്ടരങ്ങ്, 30 ന് മെഗാ മ്യൂസിക്കല്‍ ലൈവ് ഷോ, 31 ന് നാടകം നൂല് കൊണ്ട് മുറിവേറ്റവര്‍, ഏപ്രില്‍ 01 ന് പെരുന്നാള്‍ നിലാവ് ഇശല്‍ ഗാനങ്ങള്‍, 2 ന് മുൂസിക്കല്‍ നൈറ്റ്, 3ന് നാട്ടുമൊഴി നാടന്‍ പാട്ട് മേള, 4 ന് അലോഷി പാടുന്നു, 5ന് ഡി.ജെ വാട്ടര്‍ ഡ്രം നൈറ്റ്, 6 ന് റോക്ക് മ്യൂസിക്കല്‍ നൈറ്റ്, 7 ന് ഗസല്‍ സന്ധ്യ, 8 ന് ഫോക്ക് മെഗാ ഷോ നിറപ്പൊലിമ എന്നിവ അരങ്ങേറും. ഫെസ്റ്റിന്റെ ഭാഗമായി പരപ്പ ടൗണില്‍ ഒരുക്കിയ സംസാരിക്കുന്ന ചായക്കട ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു.
പത്രസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ എം. ലക്ഷ്മി, ജനറല്‍ കണ്‍വീനര്‍ ഏ.ആര്‍ രാജു, വര്‍ക്കിംഗ് ചെയര്‍മാന്‍ വി ബാലകൃഷ്ണന്‍, പ്രചരണ കമ്മറ്റി കണ്‍വീനര്‍ വിനോദ് പന്നിത്തടം, ചെയര്‍മാന്‍ പാറക്കോല്‍ രാജന്‍, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ എ.ആര്‍ വിജയകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
