ചിറ്റാരിക്കാല്‍ : ദൃക്‌സാക്ഷികള്‍ കൂറുമാറിയിട്ടും അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മകനെ കോടതി എട്ട് വര്‍ഷം തടവിന് ശിക്ഷിച്ചു. അരലക്ഷം രൂപ പിഴയുമടക്കാനും വിധി. ചിറ്റാരിക്കല്‍ മാലോം അതിരുമാവു കോളനിയിലെ പാപ്പിനി വീട്ടില്‍ ദാമോദരന്‍ (62) കൊലപ്പെടുത്തിയ കേസിലാണ് മകന്‍ അനീഷ് (36) നെ കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെക്ഷന്‍സ് കോടതി ഒന്ന് ജഡ്ജ് എ മനോജ് ശിക്ഷിച്ചത്. കേസില്‍ ദൃക്സാക്ഷികളായ കൊല്ലപ്പെട്ട ദാമോദരന്റെ ഭാര്യ രാധാമണി, മറ്റ് മക്കളായ സനീഷ്, ദിവ്യ എന്നിവരും അയല്‍വാസികളും മൊഴി മാറ്റിപറഞ്ഞിട്ടും പ്രതിയെ ഇന്നലെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.
2019 ജൂണ്‍ 28ന് രാത്രി 11.45 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവ ദിവസം മദ്യവും വാങ്ങി മുള്ളേരിയയിലെ പണിസ്ഥലത്തു നിന്നും സ്വന്തം വീട്ടിലെത്തിയ പ്രതിയും അച്ഛനായ മരണപ്പെട്ട ദാമോധരനും മദ്യപിച്ച് വഴക്കുണ്ടാവുകയും പിന്നീട് കൊല്ലപ്പെട്ട ദാമോധരന്റെ ഭാര്യ രാധാമണിയെ വാക്കത്തിയുമായി അക്രമിക്കാന്‍ ശ്രമിക്കുകയും ഇതില്‍ ഇടപ്പെട്ട് കത്തി പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ അനീഷിന് കൈക്ക് പരിക്കേല്‍ക്കുകയും തുടര്‍ന്ന് നിങ്ങളുടെ ശല്യം ഇന്ന് തീര്‍ത്തു തരാമെന്ന് പറഞ്ഞ് വീട്ടിലെ വിറക് ഷെഡില്‍ നിന്ന് വിറക്ക് എടുത്ത് ദാമോധരന്റെ തലക്ക് അടിച്ചു പരിക്കേല്‍പ്പിക്കുകയും ഇതിനെ തുടര്‍ന്ന് ചോര വാര്‍ന്ന് ദാമോധരന്‍ മരണപ്പെടുകയുമായിരുന്നു. സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
പിടിവലിക്കിടയില്‍ പ്രതിയുടെ കൈക്കേറ്റ മുറിവും മരണപ്പെട്ട ദാമോധരന്റെ വസ്ത്രത്തില്‍ നിന്നും മറ്റു തൊണ്ടിമുതലുകളില്‍ നിന്നും കിട്ടിയ പ്രതിയുടെ രക്തത്തിന്റെ സാന്നിദ്ധ്യവും കേസില്‍ നിര്‍ണ്ണായക തെളിവായി. പ്രതിയെ അറസ്റ്റ് ചെയ്തതിന് ശേഷം കോടതി മുമ്പാകെ ഹാജരാക്കിയ മജിസ്‌ട്രേറ്റിനെയും പ്രോസിക്യൂഷന്‍ സാക്ഷിയായി വിസ്തരിച്ചിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ 24 സാക്ഷികള വിസ്തരിക്കുകയും 39 രേഖകളും പതിനൊന്ന് തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു. സംഭവ സമയത്ത് ചിറ്റാരിക്കല്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന കെ.പി വിനോദ് കുമാറാണ് കേസന്വേഷണം നടത്തി കോടതി മുമ്പാകെ പ്രതിയുടെ പേരില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. പ്രതിയുടെ പേരില്‍ പ്രായപൂര്‍ത്തികാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് മറ്റൊരു പോക്‌സോ കേസും നിലവിലുണ്ട്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ: പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ ലോഹിതാക്ഷന്‍, അഡ്വ. ആതിര ബാലന്‍ എന്നിവര്‍ ഹാജരായി. പ്രോസിക്യൂട്ടറായി ചുമതലയേറ്റ് രണ്ട് വര്‍ഷത്തിനുള്ളില്‍ കൊലപാതക കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്ന പന്ത്രണ്ടാമത്തെ കൊലക്കേസാണിത്.
