നഴ്‌സിംഗ് കോളേജില്‍ ആത്മഹത്യ ചെയ്ത ചൈതന്യകുമാരിയുടെ മൃതദേഹം കാഞ്ഞങ്ങാട് സംസ്‌കരിച്ചു

കാഞ്ഞങ്ങാട് : നഴ്‌സിംഗ് കോളേജിലെ വാര്‍ഡന്റെ മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പണത്തൂര്‍ എള്ളു കൊച്ചിയിലെ ചൈതന്യ കുമാരിയുടെ മൃതദേഹം ഹോസ്ദുര്‍ഗ് കോട്ടയ്ക്ക് സമീപത്തെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു . ഇന്നലെ രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് ഹോസ്ദുര്‍ഗ് എസ് ഐ സി അഖിലിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വൈകിട്ട് 4 മണിയോടെ ഹോസ്ദുര്‍ഗ് കോട്ടയ്ക്ക് സമീപത്തെ പൊതുശ്മശാനത്തില്‍ എത്തിച്ചു. തിരിച്ച് വരുമെന്ന 105 ദിനങ്ങള്‍ പ്രതീക്ഷയോടെയാണ് അമ്മ ഓമന പൊന്നുമോള്‍ക്കായി വിവിധ ആശുപത്രികള്‍ മാറി മാറി കൂട്ടുനിന്നത്. പക്ഷേ എല്ലാവരുടെയും പ്രതീക്ഷയും പ്രാര്‍ത്ഥനയും ഇല്ലാതാക്കി ശനിയാഴ്ച ഉച്ചയോടെയാണ് ചൈതന്യകുമാരിയുടെ അവസാന ശ്വാസവും നിലച്ചത്.

മന്‍സൂര്‍ സ്‌കൂള്‍ ഓഫ് നേഴ്‌സിങ് കോളേജിലെ വിദ്യാര്‍ത്ഥിനികളും നാട്ടുകാരും  തന്റെ പൊന്നുമോളെ കാണാന്‍ വരുമ്പോള്‍ അവര്‍ക്ക് മുമ്പില്‍ പിടിച്ച് നില്‍ക്കാനില്ല ആ അമ്മക്ക്. മകള്‍ക്കായി കരുതി വെച്ച പുത്തനുടുപ്പുകള്‍ മൃതദേഹത്തില്‍ പുതപ്പിച്ചപ്പോള്‍ കണ്ടു നിന്ന ഏവരുടെയും കണ്ണീരണിഞ്ഞു. സഹോദരന്‍ രാംകുമാര്‍ ഏച്ചിക്കാനത്തെ ബാലസദനത്തില്‍ താമസിച്ചായിരുന്നു പഠനങ്ങള്‍ പൂര്‍ത്തീകരിച്ചു വരുന്നത്. പെരിയ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് രാംകുമാര്‍.

മന്‍സൂര്‍ സ്‌കൂള്‍ ഓഫ് നഴ്സിംഗില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ചൈതന്യകുമാരി 2024 ഡിസംബര്‍ ഏഴിന് ഉച്ചക്കാണ് ഹോസ്റ്റല്‍ റൂമിലെ ഫാനില്‍ ഷാള്‍ കഴുത്തില്‍ കുരുക്കി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. മംഗലാപുരം ഇന്ത്യാന ആശുപത്രിയിലും ശേഷം ദീര്‍ഘകാലം കണ്ണൂര്‍ മിംസ് ഹോസ്പിറ്റലും പിന്നീട് ഒരു മാസത്തിലധികമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലായിരുന്നു. സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്തതു കൊണ്ടാണ് ഹോസ്ദുര്‍ഗിലെ പൊതുശ്മശാനത്തില്‍  വച്ച് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത് . മതപരമായ ചടങ്ങുകള്‍ സന്തോഷ് കുമാര്‍ ശാന്തി നേതൃത്വത്തില്‍ നടത്തി. സഹോദരന്‍ രാംകുമാര്‍ ചിതയ്ക്ക് തീ കൊളുത്തി.

വനവാസി വികാസ് കേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി ഷിബു പാണത്തൂര്‍, സേവാഭാരതി കാഞ്ഞങ്ങാട് പ്രസിഡന്റ് കെ വി ലക്ഷ്മണന്‍, വൈ പ്രസിഡന്റ് ബി.രാധാകൃഷ്ണന്‍, മാരിയമ്മ സേവാസമിതി പ്രവര്‍ത്തകരായ എച്ച് പി പ്രശാന്ത്കുമാര്‍, എച്ച് രഞ്ജിത്ത്, ബി അഭിഷേക് എന്നിവരുടെ നേതൃത്വത്തില്‍ സംസ്‌കാരം നടത്തി. ആശുപത്രി മാനേജ്മെന്റ്‌റ് ചെയര്‍മാന്‍ സി കുഞ്ഞഹമ്മദ് പാലക്കി, ഷംസുദ്ദീന്‍, ഖാലിദ്, നഴ്‌സിംഗ് കോളേജിലെ നൂറോളം വിദ്യാര്‍ഥിനികളും അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

സ്വന്തമായി ഒരു സെന്റ് സ്ഥലം പോലും സ്വന്തമായി ഇല്ലാത്ത സദാനന്ദനും കുടുംബവും  വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കോട്ടയത്ത് നിന്ന് പരപ്പയിലെ കനകപ്പള്ളിയില്‍ എത്തിയത്. വിവിധയിടങ്ങളില്‍ കൃഷി സ്ഥലം പാട്ടത്തിനെടുത്ത് അതില്‍ കൃഷി ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിച്ചിരുന്നത്. കൃഷിയില്‍ നിന്നുള്ള വരുമാനം കൊണ്ടും, പലരില്‍ നിന്നും കടം വാങ്ങിയ പണവും ഉപയോഗിച്ചാണ് മകളെ നഴ്‌സിംഗ് പഠനത്തിന് അയച്ചത്. മകള്‍ക്ക് നല്ലൊരു ജീവിതം സ്വപ്നം കണ്ട് കഴിയവേയാണ് മരണം മകളെ തട്ടിയെടുത്തത്. പെരിയ ഗവ .ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ സഹോദരന്‍ രാംകുമാര്‍ എച്ചിക്കാനം ബാലസദനത്തില്‍ താമസിച്ചാണ് പഠനങ്ങള്‍ പൂര്‍ത്തീകരിച്ചു വരുന്നത്.

error: Content is protected !!