പൂരപ്പൂക്കള്‍ വിരിഞ്ഞു, പൂരക്കാലം വരവായി

പ്രഭാകരന്‍ കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട്: പൂരത്തിന്റെ വരവറിയിച്ച് പൂരപ്പൂക്കള്‍ വിരിഞ്ഞു.കൊടുംവേനലിലും എങ്ങും പൂരപ്പൂക്കളില്‍ പ്രധാന്യമേറിയ നരയന്‍ പൂക്കളുടെ ദൃശ്യസമൃദ്ധി.വടക്കന്‍ കേരളത്തിന്റെ വസന്തോത്സവമെന്നറിയപ്പെടുന്ന പൂരക്കാലമാണ് വരാന്‍ പോകുന്നത്. പൂരക്കാലത്ത് കാമദേവന് പൂജാ പുഷ്പമൊരുക്കാന്‍ കന്യകമാര്‍ മത്സരിച്ച് പൂരപ്പൂക്കള്‍ ശേഖരിക്കാനോടുന്ന കാഴ്ച ഇനി വടക്കേ മലബാറിന്റെ ഗ്രാമങ്ങള്‍ക്ക് സ്വന്തം. എരിക്കിന്‍പൂ, മുരിക്കിന്‍പൂ,അതിരാണിപൂ, വയറപ്പൂവ്,ചെമ്പകപ്പൂവ്,പാലപ്പൂവ്,ആലോത്തിന്‍പൂ, എന്നിവയാണ് പൂരപ്പൂക്കള്‍. പൂരപ്പുലര്‍ച്ചയില്‍ പൂവ് തേടി കുന്നുകളിലും കാടുകളിലും കയറിയിറങ്ങുന്ന കുട്ടികള്‍ ഗ്രാമങ്ങളുടെ ആഹ്ലാദക്കാഴ്ചയാകുന്നു.  പൂരക്കാലത്തിന്റെ സവിശേഷതയാര്‍ന്ന കലാരൂപമായ പൂരക്കളിക്കും അരങ്ങുണര്‍ന്നു. ശക്തിയും സൗന്ദര്യവും സമ്മേളിക്കുന്ന നാടന്‍ കലാരൂപമായ പൂരക്കളിയുടെ പരിശീലനക്കളിയാണ് കാവുകളില്‍ നടക്കുന്നത്.ഉണ്ണികള്‍ക്കും പൂവുകള്‍ക്കും ഉത്സസവമായി പൂരോത്സവം മാറുന്നതോടൊപ്പം അക്ഷരമറിയാത്ത ഗ്രാമീണ ജനതയെ ജീവിതാഹ്ലാദത്തിലേക്കുണര്‍ത്തുകയും വിജ്ഞാനഭണ്ഡാരങ്ങള്‍ പാട്ടിലൂടെ,താളത്തിലൂടെ,നൃത്തത്തിലൂടെ പകര്‍ന്നു നല്‍കുന്ന പൂരക്കളിയും പൂരവും ഒരു നാട്ടിലെ ജനതയുടെ തന്നെ ഉത്സവമായി മാറുകയാണ്.വേദാന്തം,വ്യാകരണം,നാട്യം, പുരാണം, കാവ്യം, നാടകം, ശില്പകല, അലങ്കാരം, മീംമാംസ തുടങ്ങി ഗ്രാമീണ ജനതയ്ക്ക് അന്യമായ നിരവധി വിജ്ഞാനശാഖകളാണ് പൂരക്കളിയിലെ മറത്തുകളിയിലൂടെ ഗ്രാമീണര്‍ക്കിടയിലേക്ക് പകര്‍ന്ന് നല്‍കുന്നത്.പൂരക്കളിക്കായി കച്ചയും ചോപ്പും മുറുക്കി അരങ്ങിലെത്തുന്നവരില്‍ പണ്ഢിത-പാമര,ധനിക-ദരിദ്ര വ്യത്യാസമില്ലെന്നും ഈ കലാരൂപത്തിന്റെ മാത്രം പ്രത്യേകതയാണ്. കന്യകമാരുടെ ഉത്സവം കൂടിയാണ് പൂരം. മീനമാസത്തിലെ കാര്‍ത്തികനാള്‍ തൊട്ട് പൂരം വരെയുള്ള നാളുകളില്‍ 18 കന്യകമാര്‍ 18 വര്‍ണത്തില്‍ പാടിക്കളിച്ചതാണ് പൂരക്കളിയെന്നാണ് പണ്ഢിതര്‍ പറയുന്നത്.18 നാരിമാരുടെ ഓര്‍മ്മയില്‍ 18 നിറങ്ങള്‍ പൂരക്കളിയില്‍ പാടുന്നുണ്ട്. ദേവന്‍മാരെ കളരി സമ്പ്രദായത്തില്‍ നമസ്‌ക്കരിക്കുന്നതും കളിയുടെ പൂര്‍ണതയില്‍ ഇഷ്ടദേവതാ സ്തുതി നടത്തുകയും ചെയ്യുന്നു.ഓരോ കളിയും ഓരോ നിറമായി അറിയപ്പെടുന്നു.ഗണപതിപ്പാട്ട്,രാമായണം,ഇരട്ട,കാമന്‍പാട്ട്, പട,അങ്കം, എന്നിവ ഉള്‍പ്പെട്ട വന്‍കളികള്‍ പ്രാധാനമാണ്.കന്യകമാര്‍ പൂരപ്പൂക്കളുപയോഗച്ച് കാമരൂപമുണ്ടാക്കുകയും പൂരം കുളിയായ അവസാനദിവസം അടുത്തകൊല്ലവും നേരത്തെ കാലത്തെ വരണേ കാമാ എന്ന് പറഞ്ഞ് കാമദേവനെ യാത്രയാക്കുകയും ചെയ്യുന്നു. പൂരക്കാലത്തിന്റെ ആഹ്ലാദവും ആര്‍പ്പുവിളികളും നാട്ടിന്‍ പുറങ്ങളിലേക്ക് പൂരപ്പൂക്കളോടൊപ്പംനിറയുകയാണ്.

error: Content is protected !!