ലഹരിക്കെതിരെ നാടിന്റെ കൂട്ടായ്മയില്‍ ക്ഷേത്ര സന്നിധിയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് വേദിയൊരുക്കി

ഉദുമ : വര്‍ദ്ധിച്ചു വരുന്ന ലഹരിക്കെതിരെ നാടിന്റെ കൂട്ടായ്മയില്‍ ക്ഷേത്ര സന്നിധിയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് വേദിയെരുക്കി. ഉദുമ കോതാറമ്പത്ത് ചൂളിയാര്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി ക്ഷേത്രാങ്കണമാണ് ലഹരിയോടുള്ള രൂക്ഷവും പ്രകടവുമായ എതിര്‍പ്പിന് വേദിയായത്. ഭരണ സമിതി ജോ. സെക്രട്ടറി ബാബു കുറുക്കന്‍കുന്ന് പ്രതിജ്ഞ ചൊല്ലികൊടുത്തു. വര്‍ഷം തോറും നടന്നു വരുന്ന ഒറ്റക്കോല മഹോല്‍സവം 19ന് ബുധനാഴ്ച്ച പ്രാരംഭ ചടങ്ങായ തെയ്യം തിടങ്ങലിന് ശേഷം രാത്രി 9 മണിയോടെയായിരുന്നു ലഹരിക്കെതിരെയുളളയുളള പ്രതിജ്ഞ. തെയ്യം കലാകാരന്‍മാരും, കര്‍മ്മികളും, വെളിച്ചപ്പാടുകളും കുട്ടികളും മുതിര്‍ന്നവരുമടങ്ങുന്ന നൂറുകണക്കിന് ഭക്തര്‍ പ്രതിജ്ഞ ഏറ്റുചൊല്ലി. വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം സമൂഹത്തില്‍ വിവിധ തരത്തിലുള്ള ദൂഷ്യഫലങ്ങളുണ്ടാക്കി വരുന്ന സാഹചര്യത്തില്‍, യുവാക്കളെയും വരും തലമുറയെയും ലഹരിയില്‍ നിന്നും പൂര്‍ണ്ണമായും സംരക്ഷിക്കുന്നതിനുള്ള ദൗത്യത്തിന്റെ വേറിട്ട മാര്‍ഗ്ഗമായാണ് പ്രതിജ്ഞ നടന്നത്. ക്ഷേത്രം കര്‍മ്മികളുടെ അനുവാദത്തോടെ ഭാരവാഹികളാണ് ഈ അപൂര്‍വ്വ ചടങ്ങിന് വഴിയൊരുക്കിയത്. ഭരണ സമിതി പ്രസിഡണ്ട് കെ.വി രഘുനാഥന്‍ അധ്യക്ഷത വഹിച്ചു. വീടുകളില്‍ നിന്ന് രക്ഷിതാക്കള്‍ അടക്കമുളളവര്‍ മുന്നിട്ടിറങ്ങിയാലെ പുതുതലമുറയെ ലഹരിയില്‍ നിന്ന് മോചിപ്പിക്കുവാന്‍ സാധിക്കുകയുളളുവെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് കൊപ്പല്‍ ചന്ദ്രശേഖരന്‍ ഒറ്റക്കോലം എന്ന വിഷയത്തില്‍ ആദ്ധ്യാത്മിക പ്രഭാഷണം നടത്തി. ഭരണ സമിതി സെക്രട്ടറി അപ്പകുഞ്ഞി, ട്രഷറര്‍ നാരായണന്‍ പന്തല്‍, രാമകൃഷ്ണന്‍ അച്ചേരി, എം.സി വിജയന്‍, ജയന്‍ വാഴുന്നോര്‍ വളപ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഒറ്റക്കോല മഹോല്‍സവത്തിന്റെ ഭാഗമായി ചൂളിയാര്‍ ഭഗവതീ ക്ഷേത്രത്തില്‍ അരിത്രാവലിനും, മേലേരി ഒരുക്കലിനും, ദണ്ഡാരം എഴുന്നള്ളിക്കലിനും നിരവധി ഭക്തര്‍ സംബന്ധിച്ചു. രാത്രി കുളിച്ചു തോറ്റവും കഴിഞ്ഞ് വ്യാഴാഴ്ച്ച പുലര്‍ച്ചെ വിഷ്ണുമൂര്‍ത്തിയുടെ അഗ്‌നി പ്രവേശവുംനടന്നു.

error: Content is protected !!