കൊല്ലം: താന്നിയില്‍ ദമ്പതിമാരെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. മയ്യനാട് താന്നി ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന ഭാസ്കരവിലാസം വീട്ടില്‍ അജീഷ് (38), സുലു (36) ആദി (2) എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
അജീഷിനെയും സുലുവിനെയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കുട്ടിയെ കട്ടിലില്‍ മരിച്ച നിലയിലാണ് കണ്ടത്. വീട്ടില്‍ ഇവരെ കൂടാതെ അജീഷിന്റെ അമ്മ ലൈലാകുമാരിയും അച്ഛന് അനില്‍കുമാറുമാണ് താമസം. രാവിലെ 10:30 മണിയായിട്ടും കതക് തുറക്കാത്തതിനാല്‍ അമ്മ ലൈലാകുമാരി സുലുവിന്റെ അച്ഛനമ്മമാരെ വിളിച്ചുവരുത്തുകയും അവര്‍ ബലമായി കതക് തള്ളി തുറന്ന് അകത്തു കയറിയപ്പോഴാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടത്. രണ്ടാഴ്ച മുമ്പ് അജീഷിന് രക്താര്‍ബുദം സ്ഥരീകരിച്ചിരുന്നു. തുടര്‍ന്ന് ദമ്പതികള്‍ മാനസിക സംഘര്ഷത്തിലായിരുന്നുവെന്നാ ണ് പരിചയക്കാരില്‍ നിന്ന് ലഭിക്കുന്ന വിവരം. അജീഷ് പ്രവാസിയായിരുന്നു. ആറുമാസം മുന്‍പാണ് നാട്ടിലെത്തിയത്. ഇപ്പോള്‍ കൊല്ലത്ത് ഒരു വക്കീല്‍ ഓഫീസില്‍ ജോലി ചെയ്തു വരികയായിരുന്നു. വീട് വച്ചതിനെ തുടര്‍ന്ന് സാമ്പത്തികബാധ്യതകളുണ്ടാകുകയും പുതിയ വീട് വില്‍ക്കേണ്ടതായി വരികയും ചെയ്തിരുന്നു.
