രാജപുരം: ഒടയംചാല്‍ ചക്കിട്ടടുക്കത്ത് വീണ്ടും പുലിയിറങ്ങി. പറമ്പില്‍ കെട്ടിയിരുന്ന രണ്ട് ആടുകളെ കടിച്ചുകൊന്നു. ചക്കിട്ടടുക്കം വിജയന്റെ ആടുകളെയാണ് കടിച്ചു കൊന്നത്. വീടിന് 200 മീറ്റര്‍ അകലെയുള്ള പറമ്പില്‍ ആടുകളെ തീറ്റ തേടാനായി കെട്ടിയിട്ടതായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാര്‍ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു.
പനത്തടി സെക്ഷന്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ബിമല്‍രാജ്, വിഷ്ണു കൃഷ്ണന്‍, കെ.രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് പരിശോധന നടത്തുകയും ചെയ്തു. പുലിയാണെന്ന് തന്നെയാണ് വനംവകുപ്പ് അധികൃതരുടെയും പ്രാഥമിക നിഗമനം. പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട് . മരുതോം വനാതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് . കഴിഞ്ഞമാസവും ഇവിടെ പുലിയെ കണ്ടിരുന്നു. എന്നാല്‍ വളര്‍ത്തുമൃഗങ്ങളെയൊന്നും ആക്രമിച്ചിരുന്നില്ല. മരുതോം വനാതിര്‍ത്തി മേഖലയായ പരപ്പ പന്നിയെറിഞ്ഞകൊല്ലി വീട്ടിയോടി ഭാഗത്തും ഒരു മാസം മുന്‍പ് പുലിയിറങ്ങി ആടിനെ പിടിച്ചിരുന്നു. കഴിഞ്ഞദിവസം പുല്ലൂര്‍ പെരിയ ഗ്രാമപ്പഞ്ചായത്തിലെ ആയമ്പാറ, പാറപ്പള്ളി തട്ടുമ്മല്‍ എന്നിവിടങ്ങളിലും നാട്ടുകാര്‍ പുലിയെ കണ്ടിരുന്നു. മടിക്കൈ, വെള്ളൂട, വാഴക്കോട് ഭാഗങ്ങളിലും പുലിയുടെ സാന്നിധ്യം ആഴ്ചകള്‍ക്ക് മുന്‍പ് സ്ഥീരീകരിച്ചിരുന്നു. തുടര്‍ന്ന് അവിടങ്ങളില്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ചെങ്കിലും പുലിയെ കണ്ടെത്താനായില്ല. അതേ പുലി തന്നെയാകാം കാവേരിക്കുളത്തും എത്തിയതെന്ന സംശയവും ഉയരുന്നുണ്ട്.
