ബസ് ജീവനക്കാരുടെ അനാസ്ഥ : ബസില്‍ നിന്നും തെറിച്ചുവീണ യുവാവിന്റെ നില അതീവ ഗുരുതരം

നീലേശ്വരം : ബസ് ജീവനക്കാരുടെ അനാസ്ഥയില്‍ ബസില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് യുവാവ് അത്യാസന്ന നിലയില്‍ ചികിത്സയില്‍ . പെരിയങ്ങാനത്തെ പി വി ചന്ദ്രമതിയുടെ മകന്‍ പി വി മനോജ് എന്ന (ബാബു 46) ആണ് ബസില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് കൊന്നക്കാട് നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ‘പുഞ്ചിരി’ ബസില്‍ പുല്ലുമല സ്റ്റോപ്പില്‍ നിന്നുമാണ് മനോജ് കയറുന്നത്. കയറിയ ഉടന്‍ തന്നെ ഡോര്‍ പോലും അടക്കാതെ ബസ് വിടുകയും മനോജ് പുറത്തേക്ക് തലയിടിച്ച് വീഴുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് യുവാവിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്.

തലയില്‍ രക്തസ്രാവം കൂടിയിട്ടുണ്ടെന്നും ഈ സ്ഥിതിയില്‍ സര്‍ജറി ഒന്നും തന്നെ ചെയ്യാന്‍ കഴിയില്ലെന്നും മിംസിലെ വിദഗ്ധരടങ്ങുന്ന ഡോക്ടര്‍മാര്‍ ബന്ധുക്കളോട് പറഞ്ഞു. തീര്‍ത്തും നിര്‍ധനരായ കുടുംബമാണ് മുന്‍ ബസ് ജീവനക്കാരന്‍ കൂടിയായ മനോജിന്റേത്. യാത്രക്കാര്‍ കയറിയാല്‍ ഉടന്‍ തന്നെ ഡോര്‍ അടക്കണമെന്നുണ്ടെങ്കിലും മലയോര മേഖലയിലെ മിക്ക സ്വകാര്യ ബസ്സുകളും ഡോര്‍ അടക്കാതെ തന്നെയാണ് സര്‍വീസ് നടത്തുന്നത്. ഈ റൂട്ടുകളില്‍ നിരവധി സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടിളെ ഉള്‍പ്പെടെ കുത്തിനിറച്ച് യാത്ര ചെയ്യുമ്പോഴും പലപ്പോഴും ഡോര്‍ അടക്കാന്‍ ബസ് ജീവനക്കാര്‍ തയ്യാറാകാറില്ലയെന്ന് വ്യാപാക പരാതിയുണ്ട്. ഇത്തരം ബസുകള്‍ക്കെതിരെ നടപടിയെടുക്കേണ്ട മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുന്നു . ഒരു അപകടം സംഭവിച്ചാല്‍ മാത്രം രണ്ടു ദിവസം പരിശോധന നടത്തുന്ന സംവിധാനം മാത്രമായി മോട്ടോര്‍ വാഹനവകുപ്പ് മാറി.

error: Content is protected !!