സഹകരണ മേഖല ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ തന്നെ ശ്രമിക്കുന്നു : അസിനാര്‍

വെള്ളരിക്കുണ്ട്: സര്‍ക്കാരും സഹകരണ വകുപ്പും കേരള ബേങ്കും ചേര്‍ന്ന് കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കുവാനുള്ള ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുകയാണെന്ന് കെ.പി.സി.സി സെക്രട്ടറി എം. അസിനാര്‍ കുറ്റപ്പെടുത്തി. കേരള ബേങ്ക് സ്വര്‍ഗരാജ്യം കൊണ്ടുവരുമെന്നു പറഞ്ഞവര്‍ ആര്‍.ബി.ഐയുടെ കാലിനടിയില്‍ തല വെച്ചു കൊടുത്ത അവസ്ഥയിലായിരിക്കുകയാണെന്ന് അസിനാര്‍ തുടര്‍ന്ന് പറഞ്ഞു. കേരള ബേങ്ക് പ്രാഥമിക സംഘങ്ങളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, സഹകരണ മേഖലയിലെ സര്‍ക്കാര്‍ നയം തിരുത്തുക, മിസ് ലേനിയസ് സംഘങ്ങളോടുളള സര്‍ക്കാരിന്റേയും കേരള ബാങ്കിന്റെയും ചിറ്റമ്മ നയം അവസാനിപ്പിക്കുക തുടങ്ങിയവ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സഹകരണ ജനാധിപത്യ വേദി വെള്ളരിക്കുണ്ട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ട് കേരള ബേങ്ക് ശാഖയ്ക്ക് മുന്നില്‍ നടന്ന സഹകാരി ധര്‍ണ്ണ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അസിനാര്‍. താലൂക്ക് ചെയര്‍മാന്‍ എം.കെ മാധവന്‍ ആദ്ധ്യക്ഷം വഹിച്ചു. കണ്‍വീനര്‍ അഡ്വ. മാത്യുസെബാസ്റ്റ്യന്‍, ഡി.സി.സി ഭാരവാഹികളായ പി.ജി.ദേവ്, ഹരീഷ് പി നായര്‍ ടോമി പ്ലാച്ചേരി, സി. എം. പി ജില്ലാ സെക്രട്ടറി ടി.വി. ഉമേശന്‍ , ബ്ലോക്ക് പഞ്ചാത്ത് മെമ്പര്‍ ഷോബി ജോസഫ് , മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ടുമാരായ എം.പി ജോസഫ്, ജോര്‍ജ്കുട്ടി കരിമഠം, ബാലകൃഷ്ണന്‍ ബാലൂര്‍, മനോജ് തോമസ്, ബാങ്ക് പ്രസിഡന്റുമാരായ മാത്യു പടിഞ്ഞാറേല്‍, പ്രഭാകരന്‍ കരിച്ചേരി, എന്‍ ഡി വിന്‍സെന്റ്, പി.സി തോമസ്, മുരളി പനങ്ങാട്, മിനി ഫ്രാന്‍സിസ്, ത്രേസ്യാമ്മ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!