പെരുങ്കളിയാട്ട പുണ്യം നുകര്‍ന്ന് മംഗലക്കുഞ്ഞുങ്ങള്‍: അരിയില്‍ എഴുന്നള്ളി കേണമംഗലത്ത് ഭഗവതി ഇന്ന് അരങ്ങില്‍

നീലേശ്വരം: പതിനേഴാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് ഉര്‍വരതയുടെ അടയാളമായി അരിയില്‍ എഴുന്നള്ളി കേണമംഗലത്ത് ഭഗവതി ഇന്ന് കഴകത്തിരുവരങ്ങിലെത്തും.ക്ഷേത്ര പരിസരത്തെ നാഗക്കാവ് മുതല്‍ ക്ഷേത്ര തിരുമുറ്റം വരെ ശുഭ്ര വസ്ത്ര പരവതാനിയില്‍ അരിയിട്ട് അതിന് മുകളിലൂടെ നടന്നാണ് സര്‍വ്വാഭരണ വിഭൂഷിതയായി കേണമംഗലത്ത് ഭഗവതി തിരുമുടി അണിയുന്നതനായി ക്ഷേത്രത്തിലേക്ക് എത്തുക. കേണമംഗലം പെരുങ്കളിയാട്ടത്തിലെ തന്നെ വ്യത്യസ്ത ചടങ്ങാണ് ഇത്. രാവിലെ 11 നും 11.30 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലാണ് കേണമംഗലത്ത് ഭഗവതിയുടെ നാല്‍പ്പത്തീരടി തിരുമുടി നിവരുക.ഒപ്പം ഗുളികന്‍ തെയ്യവും.

ഇന്നലെ കേണമംഗലത്തമ്മയുടെ ഉച്ചത്തോറ്റത്തോടപ്പം മംഗലക്കുഞ്ഞുങ്ങള്‍ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി.53 ബാലികമാരാണ് ഉച്ചത്തോറ്റത്തോടൊപ്പം ക്ഷേത്രം വലംവച്ചത്.ഇന്ന് നടക്കുന്ന തിരുമുടി നിവരിലിനൊപ്പവും മംഗലക്കുഞ്ഞുങ്ങള്‍ ക്ഷേത്രം വലംവെക്കും.പെരുങ്കളിയാട്ടത്തിന്റെ അഞ്ചാം സുദിനമായ ഇന്നലെ കേണമംഗലത്ത് ഭഗവതിയുടെ അന്തിത്തോറ്റം,കൊടിയില തോറ്റം, പുലിയൂര്‍ കാളി,പുലിയൂര്‍ കണ്ണന്‍,ചെറളത്ത് ഭഗവതി,പാടാര്‍ കുളങ്ങര ഭഗവതി,രക്ത ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി തുടങ്ങിയ തെയ്യങ്ങളുടെ തോറ്റവും പുലര്‍ച്ചെ തെയ്യവും അരങ്ങിലെത്തി.തുടര്‍ന്ന് കലവറ വാല്യക്കാരുടെ മേലേരി കൈയ്യേ ക്കലും നടന്നു. രാത്രി കേണമംഗലത്ത് തിരുമുടി താഴുന്ന തോടെ ആറുനാളുകളിലായി നടക്കുന്ന പെരുങ്കളിയാട്ടത്തിന് സമാപനമാകും.

 

 

error: Content is protected !!