കാഞ്ഞങ്ങാട് : പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ്-കര്‍ഷക പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളുമായ കെ. മാധവേട്ടന്റെ പേരില്‍ കാഞ്ഞങ്ങാട് പ്രവര്‍ത്തിക്കുന്ന സമിതിയാണ് കെ. മാധവന് ഫൗണ്ടേഷന്. ഫൗണ്ടേഷന് പ്രമുഖ വ്യക്തികള്‍ക്ക് നല്കി വരുന്ന കെ. മാധവന് പുരസ്കാരം ഇത്തവണ പ്രമുഖ ചരിത്രകാരനായ പ്രൊഫ. കെ.എന്‍. പണിക്കര്‍ക്ക് നല്‍കുമെന്ന് ഭാരവാഹികള്‍ കാഞ്ഞങ്ങാട് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. അരലക്ഷം രൂപയും പ്രശംസ പത്രവും, ഉപഹാരവും അടങ്ങിയ പുരസ്കാര വിതരണം മാര്‍ച്ച് 20 ന് തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിനോയ് വിശ്വം, കാസര്‍കോട് ജില്ലാ യിലെ എം എല്‍ എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. പ്രൊഫ. കേശവന് വെളുത്താട്ട്. ഡോ. കെ.വി. കുഞ്ഞികൃഷ്ണന്, ഡോ. സി. ബാലന്, അഡ്വ. പി. അപ്പുക്കുട്ടന്, ഡോ. അജയകുമാര്‍ കോടോത്ത് എന്നിവര്‍ അടങ്ങിയ പുരസ്കാര സമിതി തീരുമാനിച്ചത്.
ആധുനിക ഇന്ത്യ ചരിത്ര പഠനത്തിന് അമൂല്യമായ സംഭാവന ചെയ്ത ചരിത്രകാരന് ആണ് പ്രൊഫ. കെ. എന്‍. പണിക്കര്‍. കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി ഇന്ത്യയിലെ ചരിത്ര പഠനത്തില്‍ ബൗദ്ധിക ചരിത്രം അഥവാ ആശയങ്ങളുടെ ചരിത്രമെന്ന പുതിയ പഠനശാഖ ആരംഭിച്ചത് അദ്ദേഹമാണ്. സംഭവങ്ങളെ കുറിച്ചുള്ള പഠനം അല്ല അവയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ആശയങ്ങളുടെ സ്വാധീനമാണ് അദ്ദേഹം പഠനവിധേയമാക്കിയത്. കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സിലര്‍, സംസ്ഥാന ഗവണ്മെന്റ് രൂപീകരിച്ച ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ വൈസ് ചെയര്മാന്, കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ചിന്റെ ചെയര്മാന് എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഏറെ സ്മരണീയമാണ്. അടിസ്ഥാനപരമായി മതനിരപേക്ഷവും ഫാസിസ്റ്റ് വിരുദ്ധവുമായ സമീപനം അദ്ദേഹം എല്ലായ്പ്പോഴും ഉയര്‍ത്തിപ്പിടിച്ചു. Against Lord and State, Culture and Consciounsess in Modern India, Culture, Ideology and Hegemony, An Agenda for Cultural Action തുടങ്ങിയവ പ്രധാന കൃതികളാണ്. പ്രൊഫ. ബിപന്‍ ചന്ദ്രയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ Indias Struggle for Independence എന്ന വിഖ്യാത കൃതിയുടെ രചനയില്‍ പ്രൊഫ. പണിക്കരുടെ സംഭാവന വളരെ വലുതാണ്.
വാര്‍ത്താസമ്മേളനത്തില്‍ ചെയര്മാന് ഇ ചന്ദ്രശേഖരന് എം എല്‍ എ , ചെയര്മാന്മാരായ അഡ്വ. സി.കെ ശ്രീധരന്, അഡ്വ പി. അപ്പുക്കുട്ടന്, ജനറല്‍ സെക്രട്ടറി ഡോ സി .ബാലന്, ഡോ. അജയകുമാര്‍ കോടോത്ത്, ബങ്കളം പി. കുഞ്ഞികൃഷ്ണന്, ശശീന്ദ്രന് മടിക്കൈ, രാജേഷ് അഴിക്കോടന്‍ എന്നിവര്‍
പങ്കെടുത്തു.
