അനധികൃത മത്സ്യബന്ധനത്തിനെതിരെ കര്‍ശന നടപടികള്‍ തുടരുന്നു: രണ്ട് കര്‍ണാടക ബോട്ടുകള്‍ പിടിയില്‍; ഈ സാമ്പത്തിക വര്‍ഷം നാളിത് വരെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പിഴ ഈടാക്കിയത് കാസര്‍കോട് ജില്ല; 76.62 ലക്ഷം രൂപ

കാഞ്ഞങ്ങാട് : അനധികൃത മത്സ്യ ബന്ധനം നടത്തിയ രണ്ട് കര്‍ണാടക ബോട്ടുകള്‍ പിടികൂടി ഫിഷറീസ് വകുപ്പ് 5 ലക്ഷം രൂപ പിഴ ഈടാക്കി. ഫിഷറീസ് വകുപ്പ്-മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സംയുക്തമായി നടത്തിയ രാത്രികാല പട്രോളിംഗിലാണ് ബോട്ടുകള്‍ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി കാസര്‍കോട് തീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ രാത്രികാല ട്രോളിങ്ങ് നടത്തിയതിനു കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് നടപടി. കര്‍ണാടകയില്‍ നിന്നുള്ള ഓം ശ്രീ ജയസിദ്ധി, മൈത്രി-III എന്നീ ബോട്ട് ഉടമകള്‍ക്കെതിരെയാണ് അഡ്ജുഡിക്കേഷന്‍ നടപടികള്‍ക്ക് ശേഷം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ എ ലബീബ് പിഴ വിധിച്ചത്.

ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ തസ്‌നിമ ബീഗത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അരുണേന്ദു രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ടുകള്‍ പിടികൂടിയത്. മറൈന്‍ എന്‍ഫോഴ്സ്‌മെന്റ് വിംങിലെ അര്‍ജുന്‍, ശരത്കുമാര്‍, സീ റെസ്‌ക്യു ഗാര്‍ഡ്മാരായ അജീഷ് കുമാര്‍, ശിവകുമാര്‍ ,സേതു മാധവന്‍, സ്രാങ്ക് ഷൈജു, ഡ്രൈവര്‍ സതീശന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. നിയമലംഘനം നടത്തി കേരള തീരത്ത് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും ഈ സാമ്പത്തിക വര്‍ഷം നാളിത് വരെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പിഴ ഈടാക്കിയത് കാസര്‍കോട് ജില്ലയാണ് . 76.62 ലക്ഷം രൂപയാണയെന്നും കാസര്‍കോട് ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

error: Content is protected !!