പോലീസിന് ബിഗ് സല്യൂട്ട്: തോക്ക് ചൂണ്ടി ക്രഷര്‍ മാനേജരില്‍ നിന്ന് 10.20 ലക്ഷം തട്ടിയ അന്യസംസ്ഥാന കവര്‍ച്ചക്കാരെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി

കാഞ്ഞങ്ങാട്: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ക്രഷര്‍ മാനേജറെ തോക്ക് ചൂണ്ടി ചവിട്ടി നിലത്തിട്ട് കൈയിലുണ്ടായിരുന്ന പത്തുലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയെടുത്ത സംഘത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ മംഗളൂരുവില്‍ നിന്നും പിടികൂടി. ബിഹാര്‍ സ്വദേശികളായ മുഹമ്മദ് ഇബ്‌റോണ്‍ ആലം (21), മുഹമ്മദ് മാലിക് (21), മുഹമ്മദ് ഫാറൂഖ് (30) എന്നിവരാണ് ബുധനാഴ് രാത്രി 10.30 മണിയോടെ കര്‍ണാടക പോലീസിന്റെ പിടിയിലായത്. സംഘത്തില്‍പ്പെട്ട അസം സ്വദേശിയും ക്രഷര്‍ ജീവനക്കാരനുമായ ധനഞ്ചയ് ബോറ(22) എന്ന ആളെ വ്യാഴാഴ്ച രാവിലെ അറസ്റ്റ് ചെയ്തു.

ബുധനാഴ്ച വൈകിട്ട് 5.50 മണിയോടെ മാവുങ്കാല്‍ കല്യാണ്‍ റോഡ് – എച്ചിക്കാനത്ത് വെച്ചാണ് തോക്ക് ചൂണ്ടി പണം കവര്‍ന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന
ജാസ് ഗ്രാനൈറ്റ് അഗ്രിഗേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സ്റ്റോക്ക് യാര്‍ഡിന്റെ മാനേജര്‍ കോഴിക്കോട് സ്വദേശിയും കല്യാണ്‍ റോഡ് താമസിക്കുന്ന പി പി രവീന്ദ്രനില്‍ (56) നിന്നാണ് പണം തട്ടിയെടുത്തത്. ക്രഷറില്‍ നിന്ന് ഇറങ്ങി തൊട്ടു മുന്നിലുള്ള റോഡില്‍ താമസ സ്ഥലത്തേക്ക് പോകുന്നതിനായി ഓട്ടോ കാത്തു നില്‍ക്കുകയായിരുന്നു രവീന്ദ്രന്‍. പെട്ടെന്ന് മൂന്നംഗ സംഘമെത്തി തോക്ക് ചൂണ്ടുകയായിരുന്നു. അതിനിടെ ഒരാള്‍ ചവിട്ടി നിലത്തിട്ടു. തുടര്‍ന്ന് പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു. ഏച്ചിക്കാനം സ്റ്റോക്ക് യാഡിലെ 2.50,000 രൂപയും കമ്പനിയുടെ വെള്ളരിക്കുണ്ട് യാര്‍ഡിലെ കളക്ഷന്‍ തുകയായ 7,70,000 രൂപയും അടക്കം മൊത്തം 10,20,000 രൂപയും മൊബൈല്‍ ഫോണുമാണ് നഷ്ടപ്പെട്ടത്.

രവീന്ദ്രന്‍ കമ്പനി അധികൃതരെ വിവരമറിക്കുകയും ഇവര്‍ ഹോസ്ദുര്‍ഗ് പോലീസില്‍ വിവരം കൈമാറുകയും ചെയ്യുകയായിരുന്നു. ഹോസ്ദുര്‍ഗ് പോലീസ് വിവരം മറ്റു പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയിരുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത്, ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി. അജിത്കുമാര്‍, എസ്.ഐ മാരായ അഖില്‍, ശാര്‍ങ്ഗധരന്‍, ജോജോ, പോലീസുകാരായ ഷൈജു മോഹന്‍, സനോജ് എന്നിവരുടെ നേതൃത്വത്തില്‍ മുത്തപ്പന്‍ തറയിലുള്ള യൂസ്ഡ് കാര്‍ ഷോറൂം സി.സി. ടി.വി. പരിശോധിച്ചപ്പോഴാണ് രവീന്ദ്രന്‍ പറഞ്ഞ പോലുള്ള വാഗണര്‍ കാര്‍ മാവുങ്കാല്‍ ഭാഗത്ത് നിന്ന് മടിക്കൈ ഭാഗത്തേക്കും തിരിച്ചും പോകുന്നത് കണ്ടത്. നമ്പര്‍ പരിശോധിച്ചപ്പോള്‍ തെലുങ്കാന രജിസ്‌ട്രേഷന്‍ വാഹനമായിരുന്നു. ആര്‍സി ഉടമ കോഴിക്കോട് സ്വദേശിയായിരുന്നു. ഉടമ വിളിച്ചപ്പോള്‍ രണ്ടു ദിവസത്തേക്ക് വാടക നല്‍കിയ കാര്‍ ആയിരുന്നു ഇത്. കാറില്‍ ജിപിഎസ് സൗകര്യമുള്ളതിനാല്‍ കാര്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ഉള്ളതായി മനസ്സിലാക്കി. പോലീസ് എത്തുമ്പോഴേക്കും കവര്‍ച്ച സമയത്ത് ഇവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ വാഹനത്തില്‍ ഊരി മാറ്റിയ ശേഷം  ട്രെയിന്‍ കയറി രക്ഷപ്പെട്ട വിവരം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മനസ്സിലായി. ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ്പ ഉടന്‍ കര്‍ണാടക പോലീസില്‍ വിവരമറിയിച്ചു. റെയില്‍വേ പോലീസും ജാഗരൂകരായി. ഒടുവില്‍ മംഗളൂരുവില്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ഉടന്‍ മൂന്നുപേരും കര്‍ണാടക പോലീസിന്റെ പിടിയിലാവുകയായിരുന്നു. പ്രതികളെ ഹോസ്ദുര്‍ഗ് പേലീസ് മാംഗ്ലൂരിലെത്തി അറസ്റ്റ് ചെയ്തു.

പരാതി ലഭിച്ച ഉടനെ പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചതാണ് പ്രതികളെ ചുരുങ്ങിയ മണിക്കൂറുകള്‍ കൊണ്ട് പിടികൂടാന്‍ സാധിച്ചത്. അസം സ്വദേശി ധനഞ്ചയ് ബോറ കഴിഞ്ഞ ജാസ് ഗ്രൂപ്പിന്റെ തന്നെ പെരിങ്ങോത്തുള്ള ക്രഷറില്‍ ജോലി ചെയ്യുകയായിരുന്നു. അഞ്ചുമാസം മുമ്പാണ് ഏച്ചിക്കാനത്തെ സ്ഥാപനത്തില്‍ ജോലിക്ക് എത്തിയത്. പ്രതികളെ ഹോസ്ദുര്‍ഗ് പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

error: Content is protected !!