മതസൗഹാര്‍ദ്ദ സന്ദേശം പകര്‍ന്ന് പെരുങ്കളിയാട്ട നഗരികളില്‍ സമൂഹ നോമ്പുതുറ

തൃക്കരിപ്പൂര്‍: മതമൈത്രിയും സൗഹൃദവും ഊട്ടി യുറപ്പിച്ച് തൃക്കരിപ്പൂര്‍ രാമവില്യം കഴകം, നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം എന്നിവിടങ്ങളില്‍ സമൂഹ നോമ്പുതുറ. ഇരു ക്ഷേത്രങ്ങളിലും ആരംഭിക്കുന്ന പെരുങ്കളിയാട്ടത്തിന്റെ ഭാഗമായാണ് നോമ്പുതുറ സംഘടിപ്പിച്ചത്. ജാതി മതഭേതമന്യേ നിരവധിപേര്‍ പങ്കെടുത്തു.പള്ളിക്കര കേണമംഗലം കഴകത്തില്‍ ക്ഷേത്ര സ്ഥാനികരും ഭാരവാഹികളും പള്ളി കമ്മിറ്റി ഭാരവാഹികളും ക്ഷേത്രനടയില്‍ ഒരുമിച്ചിരുന്ന് സമൂഹ നോമ്പുതുറ നടത്തി. പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് നോമ്പുതുറ നടന്നത്. ഉത്സവത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് അന്നദാനത്തിനായി പള്ളിക്കര ജമാഅത്ത് കമ്മിറ്റി ഉള്‍പ്പെടെ പരിസരങ്ങളിലെ 13 ഓളം ജമാഅത്ത് കമ്മിറ്റികളില്‍ നിന്നും ഭക്ഷ്യസാധനങ്ങള്‍ ക്ഷേത്രസന്നിധിയില്‍ എത്തിച്ചിരുന്നു. മുനവറലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ ഇത് കലവറയിലേക്ക് കൈമാറി.ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ അധ്യക്ഷനായി.റഫീഖ് കോട്ടപ്പുറം, ഇ എം കുട്ടി ഹാജി, സുബൈര്‍ ഹാജി പള്ളിക്കര, കെ പി രവീന്ദ്രന്‍, പി രമേശന്‍, പി രമേഷ് കുമാര്‍, അഡ്വ. കെ പി നസീര്‍, ടി വി ബാലന്‍, അബ്ദുല്‍ ഖാദര്‍,സാജിദ് കുഞ്ഞഹമ്മദ്, കമാല്‍ സൈനുദ്ദീന്‍, അബൂബക്കര്‍ മുഹമ്മദ് ഹാജി, ഗഫൂര്‍ ഹാജി തുടങ്ങിയവര്‍സംബന്ധിച്ചു.

error: Content is protected !!