രേഖകള്‍ ഇല്ലാതെ കാഞ്ഞങ്ങാട് എത്തിയ ബംഗ്ലാദേശ് സ്വദേശി അറസ്റ്റില്‍

കാഞ്ഞങ്ങാട് : മതിയായ രേഖകള്‍ ഇല്ലാതെ ബല്ല, ആലയില്‍, പൂടംകല്ലിലെ ക്വാര്‍ട്ടേഴ്‌സില്‍ അനധികൃതമായി താമസിച്ചു വരികയായിരുന്ന ബംഗ്ലാദേശ് പൗരനായ അതിയാര്‍ റഹ്‌മാനെ (20) ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ഹോസ്ദുര്‍ഗ് പോലീസിന്റെ സഹായത്തോടെ കണ്ണൂരില്‍ നിന്നും എത്തിയ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിലെ എസ്.ഐ. കെ.വി. രാജേഷും സംഘവും ഇന്നലെ ഉച്ചയോടെയാണ് അറസ്റ്റ് ചെയ്തത്.

ഇതര രാജ്യക്കാരനായ ഒരാള്‍ താമസിക്കുന്നുണ്ട് എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. തുടര്‍ന്ന് ഇയാള്‍ക്കെതിരേ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. മൂന്ന് മാസത്തോളമായി പ്രദേശത്ത് തേപ്പ് ജോലി ചെയ്തു വരികയായിരുന്നു.
എന്നാല്‍ ഇയാളുടെ കൈവശം ഉണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡില്‍ സാബിര്‍ ഷേഖ് നാദിയ (24) എന്ന പേരാണ് ഉണ്ടായിരുന്നത്. ഇത് വ്യാജമായി ഉണ്ടാക്കിയതാണെന്നു പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. മാത്രമല്ല തിരിച്ചറിയല്‍ കാര്‍ഡിന്റെ ഒറിജിനല്‍ കോപ്പി കൈവശം ഉണ്ടായിരുന്നില്ല. മൊബൈല്‍ ഫോണില്‍ എടുത്തു വച്ച ഫോട്ടോ മാത്രമാണ് ഉണ്ടായിരുന്നത്. ഒറിജിനല്‍ രേഖകള്‍ എവിടെയാണെന്നു അന്വേഷണ സംഘം ചോദിച്ചപ്പോള്‍ യാത്രക്കിടയില്‍ നഷ്ടപ്പെട്ടുവെന്ന മറുപടിയാണ് അത്തിയാര്‍ റഹ്‌മാന്‍ നല്‍കിയത്. പശ്ചിമ ബംഗാളില്‍ ബന്ധുക്കള്‍ ഉണ്ടായിരുന്നുവെന്നും അവരെല്ലാം മരിച്ചു പോയതായും യുവാവ് മൊഴി നല്‍കി. ഇയാളുടെ ഫോണില്‍ ബംഗ്ലാദേശ് നിന്നുള്ള ആള്‍ക്കാരുടെ ഫോണ്‍ ചാറ്റിംഗും മറ്റും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കാന്‍ വരുമ്പോള്‍ തന്നെ ഇവരുടെ രേഖകള്‍ കെട്ടിട്ട ഉടമകള്‍ പരിശോധിച്ച് ഒറിജിനല്‍ കൈവശം വയ്ക്കുകയും കോപ്പികള്‍ താമസക്കാരനെയും കൊണ്ട് നേരിട്ട് പോലീസ് സ്റ്റേഷനില്‍ എത്തി ഹാജരാക്കണമെന്നും
നിര്‍ദ്ദേശമുണ്ട്. വരും ദിനങ്ങളില്‍ പോലീസ് നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെയും കേസെടുക്കാന്‍ പോലീസ് തയ്യാറാകുമെന്നും കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് വ്യക്തമാക്കി. ബംഗ്ലാദേശ് പൗരന്മാരായ നിരവധി പേര്‍ പശ്ചിമബംഗാള്‍ സ്വദേശികളെന്ന വ്യാജേന കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിച്ചു വരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തി ലാണ് എ.ടി.എസ് കാഞ്ഞങ്ങാട്ടെത്തി സാബിര്‍ഷേഖ് നാദിയയെ പിടികൂടിയത്. രണ്ടു മാസം മുമ്പ് മറ്റൊരു ബംഗ്ലാദേശ് പൗരനെ ആസാം പോലീസ് കാഞ്ഞങ്ങാട് പടന്നക്കാട് എത്തി പിടികൂടിയിരുന്നു.

error: Content is protected !!