പരപ്പ: നര്‍ക്കിലക്കാട് -മംഗലാപുരം റൂട്ടിലോടുന്ന ആര്‍ എസ് ഇ 428ാം നമ്പര്‍ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയായിരുന്ന പരപ്പ സ്വദേശി നിധിനയുടെ മകളുടെ നഷ്ടപ്പെട്ട ആഭരണം കണ്ടെത്തി നല്‍കി ജീവനക്കാര്‍ മാതൃകയായി. കഴിഞ്ഞ ബുധനാഴ്ച ചെര്‍ക്കളയില്‍ നിന്നും പരപ്പയിലേക്ക് യാത്ര ചെയ്ത യാത്രക്കാരിയുടെ മകളുടെ സ്വര്‍ണ്ണകമ്മല്‍ ആണ് യാത്രയ്ക്കിടയില്‍ നഷ്ടപ്പെട്ടത്. ബസ്സ് പരപ്പയില്‍ എത്തി യാത്രക്കാരി ഇറങ്ങിയതിനു ശേഷം ആണ് മകളുടെ കമ്മല്‍ നഷ്ടപ്പെട്ടതായി അറിയുന്നത്. ബസ്സില്‍ നിന്ന് ഇറങ്ങി പോയ യാത്രക്കാരി പെട്ടെന്ന് തന്നെ കണ്ടക്ടര്‍ ഓജി എബ്രഹാമിനെ വിളിച്ച് വിവരം പറയുകയും മറ്റ് യാത്രക്കാരുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ അപ്പോള്‍ തന്നെ ബസ്സില്‍ പരിശോധന നടത്തുകയും ചെയ്തു . എന്നാല്‍ ആഭരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കണ്ടക്ടര്‍ യാത്രക്കാരിയുടെ ഫോണ്‍ നമ്പര്‍ വാങ്ങിക്കുകയും നര്‍ക്കിലക്കാട് എത്തുമ്പോള്‍ വിശദമായി പരിശോധിക്കാം എന്ന് പറയുകയും ചെയ്തു. ബസ് രാത്രിയില്‍ നര്‍ക്കിലക്കാട് എത്തി ട്രിപ്പ് അവസാനിച്ചപ്പോള്‍ ,ഡ്രൈവര്‍ കെ വൈ സിനുവും, കണ്ടക്ടര്‍ ഓജിഎബ്രഹാമുംകൂടി ബസ് അടിച്ചു വാരി പരിശോധിച്ചു. തദവസരത്തില്‍ സീറ്റിനിടയില്‍ നിന്നും ആഭരണം കണ്ടെത്തി. ഉടന്‍ തന്നെ പ്രസ്തുത വിവരം യാത്രക്കാരിയെ അറിയിക്കുകയും ചെയ്തു. അടുത്ത ദിവസം ആഭരണം കണ്ടക്ടര്‍ വിനോദ് കുമാറിനെ ഏല്‍പ്പിക്കുകയും അദ്ദേഹവും ഡ്രൈവര്‍ സിനുവുംകൂടി ഉടമസ്ഥയ്ക്ക് ആഭരണം നല്‍കുകയും ചെയ്തു. ജീവനക്കാരുടെ ആത്മാര്‍ത്ഥമായ പരിശ്രമമാണ് നഷ്ടപ്പെട്ട സ്വര്‍ണം തിരികെ ലഭിക്കുവാന്‍ ഇടയാക്കിയത്.
കെ.എസ്.ആര്‍.ടി.സി.ജീവനക്കാരുടെ സത്യസന്തതയെ നര്‍ക്കിലക്കാട് – മംഗലാപുരം ബസ്സിലെ യാത്രക്കാരുടെ വാട്‌സ്ആപ്പ് കൂട്ടായ്മയായ മലബാര്‍ റൈഡേഴ്‌സിന്റെന്റെ ആഭിമുഖ്യത്തില്‍ ജീവനക്കാരെ അഭിനന്ദിച്ചു. ഗ്രൂപ്പ് അഡ്മിന്‍ ടി.കെ കൃഷ്ണന്‍ പ്ലാച്ചിക്കര, മധു, രഘുനാഥന്‍, പ്രിയ, പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് രാജു നര്‍ക്കിലക്കാട് തുടങ്ങിയവര്‍ ജീവനക്കാര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുസംസാരിച്ചു.
നഷ്ടപ്പെട്ട സ്വര്‍ണ്ണ ആഭരണം കണ്ടെത്തി നല്‍കി കെ.എസ്.ആര്‍.ടിസി.ജീവനക്കാര്‍ മാതൃകയായി
